സംഭവ ദിവസം അരുവിയാൻ കാണിയും  മകൻ നാരായണനും സുഹൃത്ത് മല്ലനുമായി കുരുമുളക് വിറ്റ ശേഷം ലഭിച്ച തുക ഉപയോഗിച്ച്  മദ്യം വാങ്ങിയിരുന്നു. മൂവരും മദ്യപിക്കുകയും ഇതിനിടെ  ഉണ്ടായ തർക്കം മൂർച്ഛിച്ചതാണ് കൊലപാതകത്തിന് കാരണം

തിരുവനന്തപുരം: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കോട്ടൂർ ആമല സെറ്റിൽമെന്റിലെ അരുവിയാൻ കാണിയുടെ കൊലപാതക കേസിലെ പ്രതികൾ അറസ്റ്റില്‍. കൊക്കുടി മേലെ ആമല കാണി സെറ്റില്‍മെന്റിൽ കളഭം വീട്ടിൽ നിന്ന് മണ്ണൂർക്കര എറുമ്പിയാട് കുന്നുംപുറം വീട്ടിൽ താമസിക്കുന്ന അരുവിയാൻ കാണിയുടെ മകൻ കൂടിയായ നാരായണൻ കാണി (36), ഇയാളുടെ സുഹൃത്തും കുന്നുംപുറം ആറ്റൂർ വീട്ടിൽ മല്ലൻ കാണി (30) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 23ന് ആമല സെറ്റില്‍മെന്റിൽ കളഭം വീട്ടിൽ അരുവിയൻ കാണി(65)യെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. അരുവിയാൻ കാണിയുടെ മകൻ നാരായണൻ ആണ് കൃത്യം നടത്തിയത് . പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

എന്നാൽ, അഗസ്ത്യ വനമേഖയിലെ അവസാന സെറ്റിൽമെന്റായതിനാൽ വിവരം പുറത്തറിഞ്ഞില്ല. വ്യാഴാഴ്ച വൈകിട്ടോടെയാണ് കൊലപാതക വിവരം പൊലീസ് അറിയുന്നത്. തുടർന്ന് നെയ്യാർഡാം സബ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വൈകിട്ടോടെ ആമല സെറ്റിൽമെന്റിലേയ്ക്ക് തിരിച്ച് മേൽനടപടികൾ സ്വീകരിച്ചു.

ഫോർന്‍സിക് വിഭാഗവും എത്തിയിരുന്നു. വാഹന സൗകര്യം ഇല്ലാത്തതിനാൽ 26ന് ആമലയില്‍ നിന്ന് കോംമ്പ വരെ മൃതദേഹം ചുമന്നു എത്തിക്കുകയും ശേഷം ബോട്ടിൽ നെയ്യാർ ഡാമിൽ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം ചെയ്തു.

സംഭവ ദിവസം അരുവിയാൻ കാണിയും മകൻ നാരായണനും സുഹൃത്ത് മല്ലനുമായി കുരുമുളക് വിറ്റ ശേഷം ലഭിച്ച തുക ഉപയോഗിച്ച് മദ്യം വാങ്ങിയിരുന്നു. മൂവരും മദ്യപിക്കുകയും ഇതിനിടെ ഉണ്ടായ തർക്കം മൂർച്ഛിച്ചതാണ് കൊലപാതകത്തിന് കാരണം പ്രകോപിതനായ നാരായണൻ അരുവിയാൻ കാണിയെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നവെന്നാണ് പൊലീസ് പറയുന്നത്.

തലയുടെ പുറത്തും മുതുകിലുമായി പതിനേഴോളം വെട്ടുകൾ ഉണ്ട്. അരുവിയാൻ കണിയും ഭാര്യയും മക്കളും വെവ്വേറെ വീടുകളിലാണ് താമസിച്ചിരുന്നത്. കുടുംബ വസ്തു സംബന്ധമായ തർക്കവും ഇവർ തമ്മിൽ ഉണ്ടായിരുന്നു. അതേസമയം, സംഭവ സമയം കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മല്ലൻ കാണിയെ കൊലപാതക വിവരം മറച്ചു വച്ചതിനാണ് അറസ്റ് ചെയ്തിരിക്കുന്നത്.

സംഭവം നടന്ന ശേഷം നാരായണൻ സ്ഥലത്തു എത്താതിരുന്നതിൽ സംശയം തോന്നിയ പൊലീസ് നാരായണനെയും മല്ലനെയും കാപ്പുകാട് വച്ച് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു . ഇതോടെയാണ് താനാണ് വെട്ടിയത് എന്ന് നാരായണൻ മൊഴി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.