ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം

ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേർ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 

Add Asianetnews as a Preferred SourcegooglePreferred

ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി. 

പുതുച്ചേരി, കാരയ്ക്കാൽ തുടങ്ങിയ മേഖലകളിലും ശക്തമായ മഴയും കാറ്റുമുണ്ടായി. ചെന്നൈ വിമാനത്തവളത്തിൽ നിന്ന് 27 വിമാനങ്ങളുടെ സർവീസ് വൈകി. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അന്‍പതിലധികം ബോട്ടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.