Asianet News MalayalamAsianet News Malayalam

'ആടെ എല്ലാരും ഉണ്ടായിന്, കളിയാക്കി, എനിക്ക് നാണക്കേടായി': സ്കൂളിൽ മുടി മുറിക്കപ്പെട്ടതിനെ കുറിച്ച് വിദ്യാർത്ഥി

ഒക്ടോബര്‍ 19ന് നടന്ന സംഭവത്തിനു ശേഷം നാണക്കേട് കൊണ്ട് സ്കൂളിൽ പോയിട്ടില്ലെന്ന് അഞ്ചാം ക്ലാസ്സുകാരന്‍. കുട്ടി സ്കൂളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് ടീച്ചര്‍ അന്വേഷിച്ചതുപോലുമില്ലെന്ന് അമ്മ

dalit student about hair cutting at school assembly kasaragod SSM
Author
First Published Oct 30, 2023, 9:24 AM IST

കാസർകോട്: ചിറ്റാരിക്കലിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ഒക്ടോബര്‍ 19ന് നടന്ന സംഭവത്തിനു ശേഷം നാണക്കേട് കൊണ്ട് സ്കൂളിൽ പോയിട്ടില്ലെന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി പറഞ്ഞു.

"ആടെ എല്ലാരും ഉണ്ടായിന്. എല്ലാ കുട്ടികളും ഉണ്ടായിന്. ഈടെ മാത്രം മുറിച്ച് കളഞ്ഞ്. എനിക്ക് നാണക്കേടായി. എല്ലാരും കളിയാക്കി"- കുട്ടി പറഞ്ഞു. 

മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആൺകുട്ടിയുടെ മുടി സ്കൂള്‍ അസംബ്ലിയിൽ വച്ച് മുറിച്ചെന്നാണ് പരാതി. ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപിക ഷേർളിക്കെതിരെയാണ് പരാതി.

പിറ്റേ ദിവസം താന്‍ വിളിച്ചെങ്കിലും ടീച്ചര്‍ ഫോണ്‍ എടുത്തില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇടയ്ക്കിടെ വിളിച്ചു. ഒരാഴ്ച കാത്തിരുന്നു. പക്ഷെ ടീച്ചര്‍ തിരിച്ചുവിളിച്ചില്ല. എന്തുകൊണ്ടാണ് കുട്ടി ഒരാഴ്ചയായിട്ട് സ്കൂളില്‍ വരാത്തതെന്ന് ടീച്ചര്‍ അന്വേഷിച്ചതുപോലുമില്ല. അതുകൊണ്ടാണ് ഇന്നലെ ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാനാണ് കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനം."

അസംബ്ലിയിൽ വിദ്യാർഥിയുടെ മുടി പരസ്യമായി മുറിച്ച സംഭവം; റിപ്പോർട്ട് നൽകാൻ മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

പ്രധാനാധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

വിദ്യാർഥിയുടെ മുടി മുറിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് നൽകാനാണ് നിർദേശം. സംഭവം ഞെട്ടിക്കുന്നതാണ്. കേരളത്തിന്‍റെ രാഷ്ട്രീയ - സാംസ്‌കാരിക അന്തരീക്ഷത്തിന് യോജിക്കാത്തതാണെന്ന് മന്ത്രി പ്രതികരിച്ചു. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios