മകന്‍ മരിച്ചതറിയാതെ മാതാവ് വീട്ടിനുളളില്‍ കഴിഞ്ഞത് നാല് ദിവസം. 

തിരുവനന്തപുരം: മകന്‍ മരിച്ചതറിയാതെ മാതാവ് വീട്ടിനുളളില്‍ കഴിഞ്ഞത് നാല് ദിവസം. പൊലീസ് പരിശോധനയില്‍ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് കാനക്കുഴി കുരുവിയോട് കിഴക്കുംകര വീട്ടില്‍ പരേതനായ ഫ്രാന്‍സിസിന്‍റെ മകന്‍ അനില്‍രാജ്(21) ആണ് വീടിനുളളില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയുടെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മാതാവ് അനിത പലതവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍‌ന്ന് അനിത രണ്ടുദിവസമായി ആഹാരവും പാകം ചെയ്തില്ല. ദുര്‍ഗന്ധം സഹിക്കാനാവാതെ സമീപവാസികള്‍ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി വാതില്‍ തുറന്നത്. ജീര്‍ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

നാല് ദിവസം മുന്‍പായിരുന്നു മകന്‍ മുറിക്കുളളില്‍ കയറി കതകടച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.