വരയ്ക്കാനൊരു പേപ്പര്‍ കൊടുത്തപ്പോള്‍ അവന്‍ വരച്ചു കാട്ടിയത് ഒരു വീടാണ്. ഉറ്റവര്‍ ഈ ലോകത്തെവിടെയോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന ഓര്‍മയില്‍ അങ്ങു ദൂരേയ്ക്ക് അവന്‍ മിഴി പായിക്കും

മലപ്പുറം: സംസാര ശേഷിയോ കേള്‍വി ശക്തിയോ ഇല്ലാതെ മലപ്പുറം പാണമ്പ്രയിലെ അഭയ കേന്ദ്രത്തില്‍ ഉറ്റവരുടെ വരവും കാത്തിരിക്കുകയാണ് ഒരു യുവാവ്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരും കൊണ്ടുപോകാൻ എത്താത്തതിനെ തുടര്‍ന്നാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബാബു... അതാണ് മിറാക്കിള്‍ അഭയ കേന്ദ്രത്തിലെ ജീവനക്കാര്‍ ഇട്ടിരിക്കുന്ന പേര്.

വരയ്ക്കാനൊരു പേപ്പര്‍ കൊടുത്തപ്പോള്‍ അവന്‍ വരച്ചു കാട്ടിയത് ഒരു വീടാണ്. ഉറ്റവര്‍ ഈ ലോകത്തെവിടെയോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന ഓര്‍മയില്‍ അങ്ങു ദൂരേയ്ക്ക് അവന്‍ മിഴി പായിക്കും. കണ്ണൂകള്‍ നിറഞ്ഞൊഴുകും. കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്തതിനാല്‍ നാടേതെന്നോ പേരെന്തന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. കന്നഡ അക്ഷരങ്ങള്‍ മാത്രം ഇടക്ക് എഴുതുന്നുണ്ട്. കോഴിക്കോട് തെരുവില്‍ അലഞ്ഞ് നടന്നിരുന്ന യുവാവിനെ അപകടത്തില്‍ പരിക്ക് പറ്റി മുറിവില്‍ പുഴുവരിക്കുന്ന നിലയിലാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തകര്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

അസുഖമൊക്കെ ഭേദമായതോടെയാണ് ഒരു മാസം മുമ്പ് ഈ യുവാവിനെ മലപ്പുറം പാണമ്പ്രയിലെ മിറാക്കിള്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. പര സഹായമില്ലാതെ നടക്കാന്‍ കഴിയില്ലെങ്കിലും ചിരിയും കളിയുമായി ഒപ്പമുള്ളവരുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട്, അവരുടെ ബാബു. ഉറ്റവരാരെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ഈ പടി കടന്നെത്തുമെന്ന പ്രതീക്ഷയിലാണ് അവന്‍റെ ജീവിതം.

ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാട്ടെ കമ്പനി; ഉടമ അറിയിച്ചെന്ന് സന്ദീപ് വാര്യർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്