അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ്. 

സുല്‍ത്താന്‍ബത്തേരി: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ്. ആയിരംകൊല്ലി സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ കോടാലി കൊണ്ട് ആക്രമിച്ചെന്നാണ് 15-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് ഒദ്യോഗികമായി സ്ഥീരികരിക്കുന്നില്ല. 

ചാക്കില്‍ക്കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാല്‍ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയല്‍ ടൗണിനടുത്ത ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാല്‍ കണ്ടെത്തിയത്. 15 വര്‍ഷത്തോളമായി ആയിരം കൊല്ലിയില്‍ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപവാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം. കല്‍പ്പറ്റ ഡിവൈഎസ്പി എംഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.