മുഹമ്മ: കുരുമുളക് കൃഷിയിൽ മാതൃകയാവുകയാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് കുഴിപ്പോട്ട് വെളി വീട്ടിൽ അഥവാ ഡൽഹി ഹൗസിൽ കെവി മാധവൻ എന്ന ഡൽഹി മാധവൻ. പന്നിയൂർ, പേട്ട, നാടൻ എന്നീ മൂന്ന് ഇനം കുരുമുളകുകളാണ് മാധവന്റെ പുരയിടത്തിലെ മരങ്ങളിൽ ചുറ്റിപ്പടരുന്നത്.

പന്നിയൂർ ഇനം കുരുമുളക് സാധാരണ കുരുമുളകിനേക്കാൾ വലിപ്പം കൂടുതലാണ്. വണ്ണം കുറഞ്ഞ് നീളം കൂടിയ കുരുമുളകാണ് പേട്ട എന്ന ഇനം. മാർക്കറ്റിൽ കിലോയ്ക്ക് ഏകദേശം 500 രൂപ വരെ വില കിട്ടുന്ന നാടൻ ഇനത്തിന് ഗുണം ഏറെയാണ്. ചാരവും ചാണകവും പച്ചിലവളവും കുരുമുളക് ഒന്നിന്റെ ഗുണവർദ്ധനവിന് കാരണമെന്ന് മാധവൻ ഓർമ്മപ്പെടുത്തുന്നു. ജാതി, കൊക്കോ, അടയ്ക്ക, തെങ്ങ്, ചീര, പയർ, വെണ്ട, വാഴ തുടങ്ങിയവയും മാധവൻ കൃഷി ചെയ്ത് വരുന്നുണ്ട്.

കുരുമുളക് വള്ളികൾ തളിർത്ത് കായ്ഫലം കിട്ടാൻ ഏകദേശം ഒരു വർഷം വേണ്ടി വരും. കുരുമുളകിന്റെ ശിഖരം വെട്ടി കിളിർപ്പിക്കുന്ന രീതി അവലംബിക്കാറുണ്ടെങ്കിലും ഒരു വർഷത്തിലേറെ വേണ്ടി വരും കായ് ഫലം ലഭിക്കാൻ. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തയാളാണ് കെവി മാധവൻ. സത്യാ​ഗ്രഹത്തിൽ പങ്കെടുത്ത ഓർമ്മ 84 കാരനായ ഡൽഹി മാധവൻ ഇന്നും നിധിപോലെ കാത്ത് സൂക്ഷിക്കുന്നു.