കണ്ണൂർ: കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന കണ്ണൂരിലെ ഏഴിമല ബാഗമണ്ഡലം റോഡ് തുറക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നടപ്പാകുന്നില്ല. കാര്യങ്കോട് പുഴയ്ക്ക് കുറുകെ എട്ടു കോടി രൂപ മുടക്കി സർക്കാർ നിർമ്മിച്ച പാലം നോക്കുകുത്തിയായി കിടക്കുന്നുണ്ട്.

വൈകിട്ടായാൽ ആളുകൾ ചൂണ്ട ഇടുന്നത് കാണാം. എട്ട് കോടിയുടെ പാലം കൊണ്ട് പുളിങ്ങോത്തുകാർക്കുള്ള ഏക ഉപയോഗം കൈ നനയാതെ നല്ല പുഴ മീൻ പിടിക്കാമെന്നാണ്. 2005ൽ അന്നത്തെ തൃക്കരിപ്പൂർ എംഎൽഎ സതീഷ്ചന്ദ്രൻ മുൻകയ്യെടുത്ത് പണിത പാലമാണിത്. 

കർണാടകത്തിലെ ഈ വനത്തിലുള്ളിലൂടെ 17 കിലോമീറ്റർ പോയാൽ കാവേരിയുടെ ഉത്ഭവസ്ഥലമായ ബാഗമണ്ഡലം എത്തും. അതുവഴി മൈസൂരിലേക്കും, ബാംഗ്ലൂരിലേക്കും പോകാൻ കുറഞ്ഞ സമയം മതി. 1999 വരെ ഈ വനപാതയിലൂടെ കേരളത്തിലെയും , കർണാടകത്തിലെയും ജനങ്ങൾ സഞ്ചരിച്ചിരുന്നു.

തീർത്ഥാടകരും കച്ചവടക്കാരും സ്ഥിരമായി ഉപയോഗിച്ചിരുന്ന വനപാത പിന്നീട് കർണ്ണാടക അടച്ചു. പാലം തുറന്നു കിട്ടിയാൽ ചെറുപുഴയിലെയും, പയ്യന്നൂരിലെയും ആളുകൾക്ക് ഇതര സംസ്ഥാന യാത്ര എളുപ്പമാകും. വനപാത ആയതിലാൽ കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ അനുമതി ആവശ്യമാണ്. അതിനായി ജനപ്രതിനിധികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.