ഇടുക്കി: സ്വന്തം പേരില്‍ പട്ടയം ലഭിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് പലരും മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി സബ് കലക്ടര്‍ രേണുരാജ്. മൂന്നാര്‍, കൊട്ടാക്കമ്പൂര്‍, ലോക്കാട് ഗ്യാപ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറി വ്യാജപട്ടയം നിര്‍മ്മിച്ച സംഭവത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന ഹിയറിംങ്ങ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പുത്തന്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് 15 ഓളംവരുന്ന പട്ടയങ്ങള്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് പരിശോധിച്ചത്. 

ചിലര്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി വിട്ടുനല്‍കാന്‍ തയ്യറായില്ലെന്നും പട്ടയങ്ങള്‍ പരിശോധിച്ചശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. മരിയദാസിന്‍റെ ജേഷ്ഠ സഹോദരി സുജ, സുജയുടെ മാതാവ് ചിന്നാത്ത, ജോലിക്കാരായ മുത്തുവിന്‍റെ ഭാര്യ ഉദയസുന്ദരി, മകന്‍ ചന്ദ്രന്‍, അളകര്‍സ്വമി എന്നിവരാണ് സബ് കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി മൊഴിനല്‍കിയത്. 

ബാക്കി പട്ടയ ഉടമകളായ മൈക്കില്‍ മകന്‍ മരിയദാസ്, ഇയാളുടെ ഭാര്യ ശാന്ത, ശാന്തയുടെ അനുജന്‍ ഭാസ്‌കരന്‍, മൂത്ത സഹോദരി കുമാരി, വസന്തകുട്ടപ്പന്‍, ആരോഗ്യദാസെന്ന് വിളിക്കുന്ന ദുരൈ, ഭാര്യ ബേബി, യോവാന്‍ ഭാര്യ മരിയമ്മ, ആല്‍ബര്‍ട്ട്, ഷണ്‍മുഖവേല്‍ എന്നിവര്‍ ഹാജരായില്ല. ഇവരില്‍ പലരും തമിഴ്‌നാട്ടില്‍ സ്ഥിരതാമക്കാരാണ്. ഹിയറിംങ്ങിന്‍റെ ഭാഗമായി റവന്യു അധികൃതര്‍ പട്ടയ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും കൈപ്പറ്റാന്‍പോലും ആരും ഉണ്ടായിരുന്നില്ല. 

സംഭവത്തിന്‍റെ ഗൗരവും മനസിലാക്കിയാണ് അധികൃതര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി താമസിച്ചിരുന്ന പി എം മാത്യുവിനെയും കുടുംമ്പത്തെയും ടൗണ്‍ പ്ലാനിങ്ങിന്‍റെ ഭാഗമായാണ് ഭൂമിയില്‍ നിന്നും ഇറക്കിവിട്ടത്. തുടര്‍ന്ന് സാമൂഹ്യവനവത്കരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യറാക്കി. എന്നാല്‍ ഇവിടെ ജോലിക്കായിയെത്തിയ മരിയദാസെന്നയാള്‍ വ്യാജപട്ടയങ്ങളുണ്ടാക്കി ഭൂമിയില്‍ അവകാശം സ്ഥാപിച്ചെന്നാണ് പരാതി. 

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഭൂമി തിരിച്ച് നല്‍കമെന്ന് ആവശ്യപ്പെട്ട് ബന്ധുവായ പുത്തന്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍ ഹൈക്കോടതിയ സമീപിക്കുകയും കോടതി പട്ടയങ്ങള്‍ പരിശോധിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹിയറിംങ്ങ് നടപടികള്‍ ആരംഭിച്ചത്.