തിരുവനന്തപുരം: വൃത്തിഹീനമായ കമ്പാര്‍ട്ട്മെന്‍റും ശൗചാലവും മൂലം ദുരിതം പേറി ദില്ലി തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാര്‍. ദില്ലിയിൽ നിന്നും വ്യാഴാഴ്ച  യാത്ര തിരിച്ച  കേരള എസ്പ്രെസ് ട്രെയിനിൽ  ഇതുവരെ ശുചീകരണം നടന്നിട്ടില്ല. കംപാർട്ട്‌മെന്റിൽ ഇടനാഴിയിലും ബാത്റൂമിലെ മാലിന്യങ്ങളും രണ്ടാം ദിവസം ആയിട്ടും വൃത്തിയാക്കിയിട്ടില്ല.ഇടനാഴിയിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംഭരണ കിറ്റുകൾ നിറഞ്ഞു കവിഞ്ഞു കമ്പർട്ടുമെന്റിൽ നിരന്നു തുടങ്ങി.

കക്കൂസുകളിൽ വിസർജ്യം നിറഞ്ഞു കിടക്കുന്നകാരണം ഉള്ളിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ദുർഗന്ധം അസഹനീയമായതോടെ യാത്രക്കാർ പരാതിപ്പെടാനായി ആദ്യം ടിടി ആറിനെ അന്വേഷിച്ചു എങ്കിലും കാണാനായില്ല. ഇതുവരെ പരിശോധനയ്ക്ക് വന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. പരാതി പറയാനായി വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി ബന്ധപ്പെട്ടവരെ കണ്ടുവെങ്കിലും ട്രെയിനിലെ ക്യാപ്റ്റനോട് പരാതിപ്പെടാനാണ് നിർദേശം ലഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അങ്ങനൊരു പോസ്റ്റില്‍ ആരും കേരള എക്‌സ്‌പ്രസിൽ ഇല്ല എന്നാണ് മനസിലാക്കാനായതെന്ന് യാത്രക്കാർ പറയുന്നു.  മലമൂത്ര വിസർജനത്തിനു സൗകര്യം ഇല്ലാതെ   സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെയുള്ളവർ ബിദ്ധിമുട്ടു നേരിടുകയാണ്. സമീപ സ്റ്റേഷനുകളിൽ  അരമണിക്കൂർ നേരം  ട്രെയിന്‍ നിര്‍ത്തി സൗകര്യം ഒരുക്കാനെങ്കിലും അധികൃതർ തയാറാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.