Asianet News MalayalamAsianet News Malayalam

വീട്ടിലെ കിണറ്റിൽ നിന്ന് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

സാധാരണ ചെങ്കൽ പ്രദേശത്ത് കാണപ്പെടുന്ന, മുഷി വർഗത്തിൽപ്പെട്ട ഇത്തരം മീനുകൾക്ക് കാഴ്ചയില്ലെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു. 

Discovered underground fish belonging to the genus Horaglanis
Author
Thiruvananthapuram, First Published Sep 29, 2021, 8:25 AM IST

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വീട്ടിലെ കിണറ്റിൽനിന്ന് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്‍റെ ഭാര്യ രാഗിണി, കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോഴാണ് ഇതിനെ കിട്ടിയത്. 

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് അവരെത്തി മീനിനെ പഠനാവശ്യത്തിന് കൊണ്ടുപോയി. സാധാരണ ചെങ്കൽ പ്രദേശത്ത് കാണപ്പെടുന്ന, മുഷി വർഗത്തിൽപ്പെട്ട ഇത്തരം മീനുകൾക്ക് കാഴ്ചയില്ലെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു. 

സുതാര്യമായ തൊലിയാണ് ഇവയ്ക്ക്. ശരീരത്തിനുള്ളിലെ സങ്കീർണമായ സൂക്ഷ്മ രക്തധമനികൾ പുറത്ത് കാണുന്നതിനാൽ കാഴ്ചയില്‍ ചുവപ്പുനിറം തോന്നിക്കും. കാലാവസ്ഥാ വ്യതിയാന വകുപ്പിന്‍റെ (ഡിഒഇസിസി) സഹകരണത്തോടെ, കേരള ഫിഷറീസ് സർവകലാശാലയിൽ ഡോ. രാജീവ് രാഘവന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവയെക്കുറിച്ചു പഠനം നടത്തിവരികയാണ്. 

സഹഗവേഷകരായ രമ്യ എൽ. സുന്ദർ, ആര്യ സിദ്ധാർഥൻ എന്നിവർ തിരുവൻവണ്ടൂരിലെത്തി മീനിനെ കൊണ്ടുപോയി. കൂടുതൽ പഠനങ്ങൾക്ക് ശേഷമേ സ്പീഷീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് അവർ പറഞ്ഞു. ആദ്യ പ്രളയ ശേഷവും ഇത്തരത്തിലുള്ള ഭൂഗര്‍ഭ മത്സ്യങ്ങളെ വയനാട്ടിലെ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios