കനത്ത മഴയില്‍ പ്രക്ഷുബ്ദമായ കടലും നിറഞ്ഞ് നില്‍ക്കുന്ന ഡാമുകളും അതീവ അപകടം പിടിച്ച സ്ഥലങ്ങളാണ്. എന്നാല്‍ മഴ ആസ്വദിക്കാനും നിറഞ്ഞ് കവിയുന്ന ഡാം കാണാനുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇത് അപകട സാധ്യത കൂട്ടുന്നു. ഇതിനേ തുടര്‍ന്നാണ് നടപടി. 

തൃശൂര്‍: മഴയെ തുടര്‍ന്ന് പ്രക്ഷുബ്ധമാവുന്ന കടല്‍, ഡാം മുതലായ ഇടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുളള പ്രവേശനം അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. അതേസമയം, ജില്ലയിലെ ഡാമുകളുടെ പരിസരത്ത് നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയില്ലെന്നും ചേംബറില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കടലേറ്റമുള്ള ഭാഗങ്ങള്‍, ഡാം പരിസരങ്ങള്‍ മുതലായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കര്‍ശന പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ഈ പ്രദേശങ്ങളില്‍ 100 മീറ്റര്‍ പരിധിയില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കും. വെള്ളപ്പൊക്കമുണ്ടാവുന്ന പ്രദേശങ്ങളിലെ റോഡുകള്‍ അടച്ച് ഗതാഗതം മാറ്റും. ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മൈക്ക് അനൗണ്‍സ്‌മെന്‍റുകള്‍ നടത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഈ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ പീച്ചി ഡാം മാത്രമേ ഇതുവരെ തുറന്നിട്ടുള്ളൂ. ഇവിടെ ഏതെങ്കിലും രീതിയിലുള്ള അത്യാഹിതമുണ്ടായാല്‍ പോലും എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം തിരക്കാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ, ചിമ്മിനി, വാഴാനി, പൂമല ഡാമുകളും ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് തുറക്കാനിടയുണ്ട്. കടലോര മേഖലയില്‍ അഴീക്കോട്, സ്‌നേഹതീരത്തെ തുറസായ തീരങ്ങള്‍, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂരിലെയും മുനയ്ക്കകടവിലെയും പുളിമുട്ട് പ്രദേശങ്ങളിലും ചാവക്കാടുമെല്ലാം വന്‍തോതില്‍ വിനോദ സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുകയാണ്. മഴ വീണ്ടും ശക്തമാകുമെന്ന സൂചന നിലനില്‍ക്കെ, കടലോരത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.