Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് ഉത്സവങ്ങളിൽ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

* മലപ്പുറം ജില്ലയിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെയാണ് വിലക്ക്

*രജിസ്റ്റർ ചെയ്യാത്ത ആനകളെ ഉത്സവങ്ങളിൽ ഉൾപ്പെടുത്താൻ പാടില്ല

*പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്

district collector order to Control of elephants from festivals in Malappuram
Author
Malappuram, First Published Nov 11, 2019, 9:40 PM IST

തിരൂർ: മലപ്പുറം ജില്ലയിൽ നടക്കുന്ന ഉത്സവങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ ആനകളെ എഴുന്നള്ളിക്കുന്നതിനും രജിസ്റ്റർ ചെയ്യാത്തവയെ ഉൾപ്പെടുത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഉത്സവങ്ങൾ നടത്തുന്നതിനുള്ള അപേക്ഷ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മൂന്ന് ദിവസത്തിന് മുമ്പ് സമർപ്പിക്കണം. അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുവാനുള്ള അപേക്ഷ 30 ദിവസം മുമ്പ് നിർബന്ധമായും കമ്മിറ്റിയിൽ സമർപ്പിച്ചിരിക്കണം. kcems.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവക്കമ്മിറ്റിക്കാർ നിർബന്ധമായും 25 ലക്ഷത്തിൽ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇൻഷുറൻസും എലഫന്റ് സ്‌ക്വാഡിനെ ഏൽപിക്കുന്നതിനായി 3000 രൂപയും ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഒടുക്കി രസീത് കൈപ്പറ്റണമെന്നും യോ​ഗത്തിൽ തീരുമാനമായി.

2011-ലെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം ജില്ലയിൽ 194 ക്ഷേത്രങ്ങൾക്കാണ് ആനകളെ ഉൾപ്പെടുത്തി എഴുള്ളിക്കാനുള്ള അനുമതിയുള്ളത്. ആനയുടെ പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് യോ​ഗം നിർദേശം നൽകിയിട്ടുണ്ട്. ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പൊലീസ് വകുപ്പിലെ എസ്എച്ച്ഒയ്ക്കോ ഡിവൈഎസ്പിക്കോ ലഭിക്കുന്ന പക്ഷം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.

യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എപി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അയൂബ്,  ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ ചന്ദ്രൻ, നിലമ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എഡി ശശിധരൻ, ജില്ലാ ഫയർഫോഴ്‌സ് പ്രതിനിധി മൂസ വടക്കേതിൽ, സബ് ഇൻസ്പക്ടർ കെ കുര്യൻ,  കേരള എലഫന്റ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഷാജി പൈനാശ്ശേരി, ആനത്തൊഴിലാളി യൂണിയൻ സംഘം പ്രതിനിധി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 

Follow Us:
Download App:
  • android
  • ios