പതിറ്റാണ്ടുകളായി  കാക്കാഴം പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമായിരുന്നു കാപ്പിത്തോടിലെ ദുർഗന്ധം. ദുര്‍ഗന്ധം മൂലം കഴിഞ്ഞ ദിവസം സ്കൂളിന് അവധികൊടുത്ത സംഭവവും ഉണ്ടായി. 

അമ്പലപ്പുഴ: ആലപ്പുഴയിലെ കാപ്പിത്തോട് പ്രദേശം നേരിടുന്ന മാലിന്യപ്രശ്നങ്ങളുടെ പരിഹാരത്തിന് തുടക്കമിട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഷിബുവിനെയാണ് ആരോഗ്യവകുപ്പ് അടിയന്തരസ്ഥലം മാറ്റത്തിന് ഉത്തരവിട്ടത്. പതിറ്റാണ്ടുകളായി കാക്കാഴം പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമായിരുന്നു കാപ്പിത്തോടിലെ ദുർഗന്ധം. ദുര്‍ഗന്ധം മൂലം കഴിഞ്ഞ ദിവസം സ്കൂളിന് അവധികൊടുത്ത സംഭവവും ഉണ്ടായി. 

Add Asianetnews as a Preferred SourcegooglePreferred

സമീപത്തെ വീടുകളിൽനിന്നുള്ള മലിനജലം ഒഴുക്കിവിട്ടിരുന്നത് കാപ്പിത്തോട്ടിലേക്കായിരുന്നു. ഈ പൈപ്പുകൾ നിക്കം ചെയ്യിച്ചു കൊണ്ടായിരുന്നു മാലിന്യപ്രശ്നങ്ങളുടെ പരിഹാരത്തിന് തുടക്കമിടുന്നത്. ഇത് പാലിക്കാത്തവർക്കെതിരെ നടപടി സ്വികരിക്കുകയും ചെയ്തു. കുടാതെ പീലിങ്, മീറ്റ് ഷെഢുകളിൽനിന്നുള്ള മാലിന്യപൈപ്പുകൾ നീക്കം ചെയ്യുകയും മലിനജലം ശേഖരിച്ച് ശുചീകരിച്ച് പുറംതള്ളണമെന്ന കർശനനിർദ്ദേശവും നൽകിയിരുന്നു. 

കാപ്പിത്തോടിന്‍റെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വതപരാഹാരത്തിനായി പ്രത്യേകപദ്ധതിയും ഡോക്ടർ തയ്യാറാക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള ചർച്ച അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഡോക്ടറെ സ്ഥലം മാറ്റികൊണ്ട് വ്യാഴാഴ്ച ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. തുടർച്ചയായി മൂന്ന് വർഷം ഒരു ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ സ്ഥലം മാറ്റണമെന്ന സർക്കാർ മാനദണ്ഡമാണ് ഉത്തരവിട്ടതിന് കാരണമായി അധികൃതർ പറയുന്നത്. 

എന്നാൽ 10 വർഷത്തിലധികമായി ഒരേ ആശുപത്രിയിൽ ജോലിയിൽ തുടരുന്നവർ സമീപ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുണ്ടെന്നിരിക്കെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ച ഡോക്ടറെ സ്ഥലം മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്നും തിരക്കിട്ട ശ്രമം നടന്നിരിക്കുന്നത്. സേവനമനുഷ്ഠിച്ചിട്ടുള്ളിടങ്ങളിൽ രോഗികൾക്ക് പ്രയോജനപ്പെടുന്ന പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. തിരക്ക്നിയന്ത്രിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒ പികളിൽ ആദ്യമായി ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത് ഇദ്ദേഹമാണ്. 

തകഴി പ്രാഥമിക ആരോഗ്യകേന്ദ്രം ജനകീയമാക്കിയതും ഡോ. ഷിബു സേവനമനുഷ്ഠിച്ചിരുന്നപ്പോഴാണ്. കാടുപിടിച്ച് കിടന്ന ആരോഗ്യകേന്ദ്രം ജനപിന്തുണയോടെ വെട്ടിത്തെളിച്ച് കെട്ടിടങ്ങൾ കേരളതനിമയിൽ നിലനിർത്താനായതും ജനകീയ ഡോക്ടറുടെ പ്രത്രേക ഇടപെടലുകളിലാണ്. കാപ്പിത്തോടിന്‍റെ ജനകീയപ്രശ്നത്തിൽ ഇടപെട്ട ഡോ. ഷിബുവിനെ സ്ഥലം മാറ്റിയതിലും ജനങ്ങൾക്കിടയിൽ അമർഷമുണ്ട്.