കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവരെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും ഇവര്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിപ്പറമ്പില്‍ മിനിയാന്ന് രാത്രിയാണ് സംഭവം.

വെള്ളിപ്പറമ്പിലെ വാടക വീട്ടിന് പുറത്ത് രാത്രിയോടെയായിരുന്നു ഇവരെ കണ്ടത്. ലഹരിയിലായിരുന്ന ഇവരുടെ കൈയില്‍ വെട്ട് കത്തിയുണ്ടായിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിക്കുന്നത്. തുടര്‍ന്നെത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ച അവസ്ഥയിലായി. 

മദ്യലഹരിയിലായ ഇവരുടെ കൈയില്‍ നിന്നു വെട്ടുകത്തി വാങ്ങിയ പൊലീസ് ഇവരെ വീട്ടിനുള്ളില്‍ കയറ്റി. താന്‍ മാധ്യമപ്രവര്‍ത്തകയാണെന്നും തന്‍റെ പിടിപാടറിയില്ലെന്നും ആക്രോശിച്ച ഇവര്‍ പൊലീസുകാര്‍ക്കെതിരെയും അസഭ്യം തുടര്‍ന്നു. ഇതോടെ ഇവരെ പിടിച്ച് കൊണ്ട് പോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ക്കെതിരെയും തെറിവിളി തുടങ്ങി. തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

പിന്നീട് മൂന്ന് ജീപ്പ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്ടര്‍ ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പുലര്‍ച്ചെ നാലൊടെ യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹജരാക്കി. തുടര്‍ന്ന് മദ്യപിച്ച് ബഹളം വച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ സ്വന്തം വീട് എറണാകുളത്താണ്. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.