ഇടുക്കി; മൂന്നാറിന്റെ ചായയുടെ രുചി ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. മൂന്നാര്‍ ടൗണിലെ സുഗന്ധി റ്റീ സ്റ്റാള്‍ ഉടമയായ എഡ്വിന്‍ സൈമണ്‍ ആണ് ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മരിച്ചത്. ദേഹാസ്യസ്ഥം തോന്നിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

ഒരു നൂറ്റാണ്ടിനു മുമ്പു കുടിയേറ്റ കാലത്ത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മൂന്നാറിലെത്തിയ കുടുംബത്തിന്റെ മൂന്നാം തലമുറയായിരുന്നു എഡ്വിന്‍. ആദ്യകാലങ്ങളില്‍ തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കുമായി മൂന്നാറില്‍ ബസാറില്‍ ആരംഭിച്ച ചെറിയ ചായക്കട ഒരു നൂറ്റാണ്ടിനപ്പുറവും മൂന്നാറില്‍ അതേ പാരമ്പര്യം തുടരുന്നു. 

കുടിയേറ്റ കാലത്ത് മൂന്നാര്‍ ടൗണിലെ ബസാറില്‍ എത്തിയിരുന്ന തൊഴിലാളികള്‍ക്ക് ആശ്രയമായിരുന്നു സൈമണ്‍ അമിര്‍തം ആന്റ് സണ്‍സ് എന്ന ചായക്കട. അന്നു മുതല്‍ ഇന്നുവരെ മൂന്നാറില്‍ ചായ മധുരം നിറച്ച് ആ കട ഇന്നുമുണ്ട്. സുഗന്ധി ടീ സ്റ്റാള്‍ എന്നു പേരു മാറിയെങ്കിലും ആ പാരമ്പര്യം തുടര്‍ന്നു പോന്നു. തലമുറകള്‍ക്ക് ആശ്രയമായിരുന്ന മൂന്നാര്‍ ടൗണിലെ ആ കടയില്‍ ഒരിക്കലെങ്കിലും കയറായത്തവര്‍ കുറവാണ്. അത്രയേറെ ബന്ധമുണ്ട് ആ കടയും മൂന്നാറും തമ്മില്‍. 

ഒരു ചായക്കട എന്നതിലപ്പുറം മൂന്നാറിന്റെ തനതുസംസ്‌കാരം കൂടി വെളിപ്പെടുത്തന്നതായിരുന്നു ആ കട. ഇന്നും മൂന്നാര്‍ ടൗണിലെത്തുന്ന തൊഴിലാളികളും, ഡ്രൈവര്‍മാരും, വിവിധ കടകളില്‍ ജോലി ചെയ്യുന്നവരും, സ്‌കൂള്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാവരും ആ കടയിലെ നിത്യസന്ദര്‍ശകരാണ്. എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖല്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മൂന്നാര്‍ സി.എസ്.ഐ ക്രൈസ്റ്റ് ദേവാലയത്തില്‍ വച്ച് സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു.