കൊച്ചി: കൊച്ചി എളംകുളത്തെ വാഹന അപകടങ്ങൾക്ക് കാരണം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് നാറ്റ്പാക് സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. ഒരു വർഷത്തിനിടെയുണ്ടായ 14 അപകട മരണങ്ങൾക്ക് അമിത വേഗത മാത്രമല്ല കാരണം. അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദഗ്ധർ. ട്രാഫിക് പൊലീസ് എളംകുളത്ത് ഫൈബർ ബാരിക്കേഡുകൾ സ്ഥാപിച്ചു.

കൊച്ചി എളംകുളം മെട്രോ സ്റ്റേഷന് സമീപമുള്ള വളവിൽ അപകടങ്ങൾ തുടർകഥയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നാറ്റ്പാക് വിദഗ്ധ സംഘത്തിന്‍റെ സഹായം തേടിയത്. അഞ്ച് പേരടങ്ങുന്ന സംഘത്തിന്‍റെ പരിശോധന റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ തയ്യാറാകും. കൊച്ചി കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള റോഡിന്‍റെ നിർമാണത്തിൽ പാളിച്ചകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.

രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. രാത്രി 9 മുതൽ രാവിലെ 6 വരെ വാഹനങ്ങൾക്ക് മേഖലയിലൂടെ കടന്ന് പോവണമെങ്കിൽ ഫൈബർ ബാരിക്കേഡുകൾ മറികടക്കണം. അപകട വളവിൽ രാത്രികാലങ്ങളിൽ സ്ഥിരമായി പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സ്പീഡ് ബ്രേക്കർ സംവിധാനവും ഐ റിഫ്ലക്റ്ററുകളും നേരത്തെ സ്ഥാപിച്ചിരുന്നു.