നിലമ്പൂര്‍: ആഢ്യന്‍പാറക്ക് സമീപം കാഞ്ഞിരപ്പുഴയില്‍ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപുഴയുടെ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്കിടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആളുകള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ ഫയര്‍ഫോഴ്സിസിന് സഹായത്തോടെ ജഡം പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് സജീവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ കാട്ടാന കുട്ടി അകപ്പെട്ടതാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.