Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളിൽ മന്ത് രോ​ഗം പടരുന്നു, ആശങ്ക

രോ​ഗം സ്ഥിരീകരിച്ചവരിൽ 13 പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

elephantiasis disease is spreading among guest workers
Author
First Published Feb 2, 2023, 11:27 AM IST

തിരുവനന്തപുരം: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്ക ഉണ്ടാക്കുന്നു. രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. 

രോ​ഗം സ്ഥിരീകരിച്ചവരിൽ 13 പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും  കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

അതിഥി തൊഴിലാളികളുടെ  താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തി. ആറു കേന്ദ്രങ്ങളിൽ നിന്നായി 210 അതിഥി തൊഴിലാളികൾ താമസിപ്പിക്കുന്നതായി കണ്ടെത്തി.

വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും  ആറ് കെട്ടിട ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു.

മന്ത് രോ​ഗ ലക്ഷണങ്ങൾ

മന്ത് വിരകൾ ശരീരത്തിലെ ലിംഫ് കുഴലുകളിൽ കൂട് കൂട്ടി  വാസം ഉറപ്പിക്കുന്നു. ലിംഫ് കുഴലുകൾക്ക്‌ തടസ്സവും വീക്കവും ഉണ്ടാകുന്നു. കൈ കാലുകളുടെ വീക്കം അഥവാ ലിമ്ഫോടീമ (Lymphodema ), വൃഷണവീക്കം (Hydrocele) എന്നിവ ബാഹ്യ ലക്ഷണങ്ങളാണ്. രോഗിക്ക് പലപ്പോഴും മന്തുപനിയും ഉണ്ടാകുന്നു. കുളിര്, വിറയൽ, ശക്തമായ പനി, തല വേദന, നീരുള്ളിടത്തു ചുവന്ന തടിപ്പ് -വേദന എന്നിവയും കാണപ്പെടും. വീക്കം ബാധിച്ച അവയവത്തിലെ ചർമത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, പൊള്ളൽ, വളംകടി , പൂപ്പൽ ,വിണ്ടുകീറൽ എന്നിവയിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ രോഗാണു, ശരീരത്തില് വ്യാപിക്കുമ്പോഴാണ്‌ , ഇടവിട്ട്‌ മന്ത് പനി (Filarial fever ) ഉണ്ടാകുന്നത് . അതോടൊപ്പം തൊലിപ്പുറത്ത് കുരുക്കളും പഴുപ്പും ഉണ്ടാകുന്നു. രോഗത്തിന്റെ തുടക്കത്തിൽ കൈ കാലുകളിൽ ഉണ്ടാകുന്ന നീര് ഏതാനും ദിവസം കൊണ്ട് കുറയുമെങ്കിലും പിന്നീടുണ്ടാകുന്ന മന്ത് പനിയുടെ ഫലമായി നീര് കൂടുകയും , പിന്നീട് അത് സ്ഥിരമായി നില നിൽക്കുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios