വിതുര: ടിക് ടോക്കിലെ പരിചയം പ്രണയമായി വളര്‍ന്നു, ഒടുവില്‍ രണ്ട് കുട്ടികളോടൊപ്പം കാമുകനുമായി ഒളിച്ചോടിയ വീട്ടമ്മയെയും യുവതിയേയും പൊലീസ് പൊലീസ് പിടികൂടി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയെയും കാമുകനെയും പശ്ചിമബംഗാളിലെ മുർഷിദാബാദിലുള്ള ബംഗ്ലാദേശ്  അതിർത്തി ഗ്രാമമായ ദംഗലിൽനിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം തൊളിക്കോട് സ്വദേശിയായ 36-കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈർ എന്ന 32-കാരനുമാണ് ഒളിച്ചോടിയത്.

ഈ മാസം ആറിനാണ് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ലെന്ന്  വിതുര സ്റ്റേഷനിൽ പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മ ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയതാണെന്ന് വ്യക്തമാകുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;  തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട  സ്വദേശിയായ സുബൈർ എന്നയാളുമായി വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി. ടിക്-ടോക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. തുടര്‍ന്ന് സുബൈറുമായി ഫോണിൽ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന് വിവരം കിട്ടി.  നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ സി.ഐ. എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഉടൻതന്നെ എസ്.ഐ. എസ്.എൽ.സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിജയവാഡയിലേക്ക് തിരിച്ചു. എന്നാൽ, വിജയവാഡയില്‍ പൊലീസ് സംഘം എത്തിയപ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് യുവതിയും യുവാവും പശ്ചിമബംഗാളിലുണ്ടെന്ന് വിവരം ലഭിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽ  മുർഷിദാബാദിൽ ഹൂഗ്ലി നദിയുടെ തീരത്തെ ഉൾഗ്രാമത്തിൽ സുബൈറിന്റെ കീഴിൽ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നത്‌. 

ഇവിടെയയെത്തിയ പൊലീസ് വീട്ടമ്മയേയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്രാമീണർ സംഘടിച്ച് എതിർക്കാൻ ശ്രമിച്ചെങ്കിലും ദംഗൽ പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് സംഘം ഇവരെ പിടികൂടി.