Asianet News MalayalamAsianet News Malayalam

'ശമ്പളവും ഭൂമിയും അനുവദിക്കാതെ വോട്ടില്ലെന്ന് സ്ത്രീ തൊഴിലാളികൾ'; എസ്‌റ്റേറ്റ് മേഖലയില്‍ കയറാനാവാതെ ഇടുക്കിയിലെ സ്ഥാനാര്‍ത്ഥികള്‍

ഇടത് - വലത് വ്യത്യാസമില്ലാതെ പാര്‍ട്ടി നേതാക്കളെ ഒന്നടങ്കം തടയുന്ന നിലപാടാണ് തൊഴിലാളികള്‍ സ്വീകരിക്കുന്നത്. ആദ്യമായാണ് ഇത്തരം ശക്തമായ പ്രതിഷേധ പരിപാടികള്‍ തൊഴിലാളികള്‍ സ്വീകരിക്കുന്നത്. എംഎല്‍എ തെരഞ്ഞെടുപ്പിന് മുമ്പായി ഭൂമി അനുവദിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തൊഴിലാളികൾക്ക് ആലോചനയുണ്ട്.

employees not allowed joice george entered estate areas in idukki
Author
Idukki, First Published Apr 18, 2019, 4:07 PM IST

ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ എസ്‌റ്റേറ്റ് മേഖലയില്‍ കയറാന്‍ കഴിയാതെ സ്ഥാനാര്‍ത്ഥികള്‍. ശമ്പളവും ഭൂമിയും അനുവദിച്ചുനല്‍കാതെ വോട്ട് രേഖപ്പെടുത്തില്ലെന്ന ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സ്ത്രീ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥികളെ എസ്റ്റേറ്റില്‍ കയറാന്‍ അനുവദിക്കാത്തത്. പ്രദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രചാരണത്തിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മൈക്കുകള്‍ തൊഴിലാളികള്‍ പിടിച്ചുവാങ്ങുകയും ചെയതു. 

വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍ വാലിയില്‍ ഭൂമികള്‍ അനുവദിച്ചത്. ഇതില്‍ പത്ത് സെന്‍റ് ഭൂമി ഇവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനെ തുടര്‍ന്ന് 5 സെന്റ് ഭൂമി വിതരണം നടത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഭരണം അവസാനിച്ചതോടെ ഭൂമി വിതരണം നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യറായതുമില്ല. ഇതോടെ പട്ടയ കടലാസുമായി പല ഓഫീസുകളും തൊഴിലാളികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 

ഇതിനിടെ പരിശോധന നടക്കുന്നതിനാല്‍ ഭൂമി വിതരണം നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീണ്ടും ഭരണത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അനുവദിച്ച ഭൂമി നല്‍കാന്‍ മാത്രം സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ശമ്പളപ്രശ്‌നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചെങ്കിലും നടപടിയാന്നുമായില്ല.  ഇതിനെ തുടര്‍ന്നാണ് ഭൂമി പ്രശ്നത്തില്‍ നടപടി സ്വീകരിക്കാതെ വോട്ടുകള്‍ രേഖപ്പെടുത്തില്ലെന്ന നിലപാടിലേക്ക് തൊഴിലാളികള്‍  എത്തിയത്.  

പ്രതിഷേധസൂചകമായി പല മേഖലകളിലും സ്ഥാനാർത്ഥികളെ പരിഹസിക്കുന്ന രീതിയില്‍ നാട്ടുകാര്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് പ്രചാരണ പരിപാടികള്‍ക്കെത്തിയ സ്ഥാനാര്‍ത്ഥികളെയാണ് തൊഴിലാളികള്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തത്.  

ഇടത് - വലത് വ്യത്യാസമില്ലാതെ പാര്‍ട്ടി നേതാക്കളെ ഒന്നടങ്കം തടയുന്ന നിലപാടാണ് തൊഴിലാളികള്‍ സ്വീകരിക്കുന്നത്. ആദ്യമായാണ് ഇത്തരം ശക്തമായ പ്രതിഷേധ പരിപാടികള്‍ തൊഴിലാളികള്‍ സ്വീകരിക്കുന്നത്. എംഎല്‍എ തെരഞ്ഞെടുപ്പിന് മുമ്പായി ഭൂമി അനുവദിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തൊഴിലാളികൾക്ക് ആലോചനയുണ്ട്.

Follow Us:
Download App:
  • android
  • ios