Asianet News MalayalamAsianet News Malayalam

പ്രളയബാധിത പ്രദേശങ്ങളിലെ പകര്‍ച്ചവ്യാധി; നിരീക്ഷണ സംവിധാനം ഒരുക്കിയതായി മന്ത്രി

ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് വഴി ഓരോ ജില്ലയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ടാബോ ഉപയോഗിച്ച് രോഗവിവരങ്ങള്‍ രേഖപ്പെടുത്താം. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് ഉപയോഗിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇത് ഉറപ്പ് വരുത്താനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Epidemic in flood affected areas The minister said the survey was prepared
Author
Thiruvananthapuram, First Published Aug 30, 2018, 12:25 PM IST

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് പീഡ് സെല്ലിന്‍റെ നേതൃത്വത്തില്‍ (PIED CELL- Prevention of Epidemics and Infectious Disease Cell) നിരീക്ഷണ സംവിധാനം ( https://ee.kobotoolbox.org/x/#ytLSbhD8 ) ഒരുക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 

ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് വഴി ഓരോ ജില്ലയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ടാബോ ഉപയോഗിച്ച് രോഗവിവരങ്ങള്‍ രേഖപ്പെടുത്താം. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് ഉപയോഗിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇത് ഉറപ്പ് വരുത്താനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രോഗിയുടെ പേരുവിവരങ്ങളും അവസാനമായി ഏത് ക്യാമ്പിലാണെന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പകര്‍ച്ചവ്യാധി ഉണ്ടാവുന്ന ഘട്ടത്തില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും അവരെ വേണ്ടിവന്നാല്‍ മാറ്റിപ്പാര്‍പ്പിക്കാനും ചികിത്സ നല്‍കാനും അതുവഴി രോഗവ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാനും കഴിയും. ഒരേ കേസ് പലര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴുണ്ടാകുന്ന ക്രമമില്ലായ്മയും ഇതുവഴി പരിഹരിക്കപ്പെടും. 

പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ കൃത്യമായി എടുക്കുന്നതിനായി ഡബ്ലിയു.എച്ച്.ഒ.യുടെ സര്‍വയലന്‍സ് ടീമിനെ എല്ലാ പ്രളയബാധിത ജില്ലകളിലും വിട്ടു തന്നിട്ടുണ്ട്. 13 ജീവനക്കാരെയാണ് ഡബ്ലിയു.എച്ച്.ഒ. വിട്ടുതന്നിട്ടുള്ളത്. എലിപ്പനിയുടെ വലിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കാനും ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാവരും കൃത്യമായി കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി പരിശോധിക്കാനുള്ള ഡിപ്സ്റ്റിക് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

പ്രളയക്കെടുതി മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്ന 325 താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തന പുരോഗതിയെപ്പറ്റിയും യോഗം വിലയിരുത്തി. ഇതിനായി ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, ഇതര മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചു.  ഉപയോഗശൂന്യമായ ആശുപത്രികളുടെ നിര്‍മ്മാണ പദ്ധതികളും ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios