തിരുവനന്തപുരം: ബുള്ളറ്റ് മോഷണത്തിന് പിടിയിലായി വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ പൂട്ടിയിട്ട് രക്ഷപ്പെട്ട പ്രതി  മറ്റൊരു ബുള്ളറ്റ് മോഷ്ടിച്ചതിന് വീണ്ടും പിടിയില്‍.  ബുള്ളറ്റ് മോഷണത്തിന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കുമ്പോഴായിരുന്നു പ്രതി പൊലീസിനെ പൂട്ടിയിട്ട് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതി മറ്റൊരു ബുള്ളറ്റ് മോഷ്ടിച്ച് അതില്‍ കടന്നുകളയാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും പിടിയിലായത്. 

മോഷണക്കേസിൽ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിനാണ് വിരലടയാളം എടുക്കാന്‍ വിലങ്ങഴിച്ചപ്പോള്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടിയ ശേഷം രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രക്ഷപെട്ട പ്രതിയെ ഇന്ന് കരമനയ്ക്ക് സമീപം കിള്ളിപ്പാലത്ത് നിന്ന് പിടികൂടുകയായിരുന്നു. എം ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.  

കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ശേഷം സ്റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു.  

 ക്രൈം വിഭാഗത്തിൽ ഏതാനും പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം. രക്ഷപെട്ട പ്രതി മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മറ്റൊരു ബുള്ളറ്റ് മോഷ്ടിച്ച് അതില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇന്ന് വീണ്ടും പിടിയിലായത്.