പത്തനംതിട്ട റാന്നി കൊല്ലമുളയിൽ ഡ്രൈ ഡേ ദിനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശമദ്യം പിടികൂടി. അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തത്.
പത്തനംതിട്ട: ഡ്രൈ ഡേ ദിനത്തിൽ വൻതോതിൽ വിദേശമദ്യം പിടികൂടി എക്സൈസ്. പത്തനംതിട്ട റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. റെയ്ഡിന് തൊട്ടുമുൻപ് സ്ഥലംവിട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാണ്.
ദൃശ്യങ്ങളിലും ചിത്രത്തിലും കാണുന്ന കാഴ്ച സർക്കാരിന്‍റെ മദ്യവില്പനശാലയെന്ന് തോന്നിയാലും തെറ്റുപറയാനാവില്ല, പക്ഷെ, റാന്നി കൊല്ലമുളയിൽ ഒരു വീടിനുള്ളിലെ കാഴ്ചയാണത്. ഡ്രൈ ഡേ ദിനത്തിൽ പ്രദേശത്ത് അനധികൃത മദ്യലിപ്ന തകൃതിയെന്ന രഹസ്യവിവരം എക്സൈസിന് കിട്ടിയിരുന്നു. മഫ്തിയിൽ ഉദ്യോഗസ്ഥർ ഇന്നലെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്തു.
അടഞ്ഞുകിടന്ന വീടിന്‍റെ വാതിൽ ഇടയ്ക്ക് ആരോ തുറന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ അകത്തു കയറി. വില്പനക്കാരൻ മുങ്ങി. 220 കുപ്പി വിദേശമദ്യവും നിരോധിതപുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. ഈ പ്രദേശത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ഒരാളാണ് പ്രതിയെന്ന് എക്സൈസ് സംഘം പറയുന്നു. ഇയാൾ ഉടൻ പിടിയിലാകുമെന്നും.

