കാലടിയിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ദുബായ് ആണ് മത സൗഹാർദത്തിന് പുതിയ മാതൃക തീർക്കുന്നത്.
കൊച്ചി : പള്ളിയിലെ ചടങ്ങിനായി സ്വരൂപിച്ച പണം ക്ഷേത്രം നടത്തുന്ന സമൂഹ വിവാഹത്തിലേക്ക് നൽകി ഒരു പറ്റം യുവാക്കൾ. എറണാകുളം കാലടിയിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ദുബായ് ആണ് മത സൗഹാർദത്തിന് പുതിയ മാതൃക തീർക്കുന്നത്.
കാഞ്ഞൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന കഴിഞ്ഞ 14 വർഷമായി നടത്തിയിരുന്നത് ഫ്രണ്ട്സ് ഓഫ് ദുബായ് കൂട്ടായ്മയാണ്.ഇത്തവണ നൊവേന നടത്താൻ നിരവധിപേർ താൽപര്യമറിയിച്ചതോടെ നറുക്കെടുപ്പായി. നറുക്കെടുപ്പിൽ ഫ്രണ്ട്സ് ഓഫ് ദുബായ് പുറത്തായി. ഇതോടെയാണ് നൊവേന നടത്തിപ്പിൽ നിന്ന് പുറത്തായെങ്കിലും സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കാൻ യുവാക്കൾ തീരുമാനിച്ചത്.
ഇതിനിടയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സമൂഹവിവാഹം നടത്തുന്ന കാര്യമറിഞ്ഞത്. ഇതോടെ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ നിർധന യുവതികളുടെ വിവാഹത്തിനായി ക്ഷേത്രത്തിന് കൈമാറാൻ തീരുമാനിച്ചു. ബെന്നി ബെഹ്നാൻ എംപിയാണ് ക്ഷേത്ര ഭാരവാഹികൾക്ക് ചെക്ക് കൈമാറിയത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷങ്ങളായി സമൂഹവിവാഹം നടക്കുന്നുണ്ട്. ഇതിനകം 114 യുവതികൾക്കാണ് മംഗല്യ ഭാഗ്യം ലഭിച്ചത്.

