ഐഎഫ്ഡി ഫാഷന്‍ ടെക്നോളജി ക്യാമ്പസില്‍ പ്ലസ് ടു, ഡിഗ്രി പഠനത്തിന് പ്രൈവറ്റ് ആയി ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു.
കണ്ണൂർ: കണ്ണൂരില്‍ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി (fake certificate) നിര്‍മ്മിച്ച് നല്‍കിയ കേസിലെ പ്രതി പിടിയില്‍. കയരളം സ്വദേശി കെ വി ശ്രീകുമാര്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ (police custody) എടുത്തത്. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഫ്ഡി ഫാഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനാണ് പ്രതി.
2018 കാലഘട്ടത്തില്‍ ഐഎഫ്ഡി ഫാഷന്‍ ടെക്നോളജി ക്യാമ്പസില്‍ പ്ലസ് ടു, ഡിഗ്രി പഠനത്തിന് പ്രൈവറ്റ് ആയി ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് രണ്ട് പേരില്‍ നിന്ന് ഇയാള്‍ 2,27,100 രൂപ പല തവണകളായി വാങ്ങിച്ചിരുന്നു. എന്നാല്‍, പരാതിക്കാര്‍ക്ക് 2015 ലെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും 2015 - 2018 കാലഘട്ടത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് നൽകി ഇയാള്‍ വഞ്ചിക്കുകയായിരുന്നു. കളവ് തിരിച്ചറിയാതിരിക്കാന്‍ പരാതിക്കാരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പ്രതി പലപ്പോഴായി പിന്തിരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ സ്ഥാപനത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
