തൃശൂര്‍: പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി തൃശൂര്‍ ജില്ലാ കളക്ടര്‍. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ ആക്റ്റിലെ വകുപ്പ് 54 പ്രകാരം പരമാവധി ഒരു വർഷം വരെ തടവും പിഴയും ഈടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള അറിയിപ്പ്

1. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ 'verified' എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

2. കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.

5. ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.