ഞായറാഴ്ച വൈകിട്ട് ലേബര്‍ റൂമില്‍ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചത്. 

തിരുവനന്തപുരം: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. വെങ്ങാനൂര്‍ അമല്‍ഭവനില്‍ അഖിലയാണ് തിങ്കളാഴ്ച പ്രസവത്തിനിടെ തൈക്കാട് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ലേബര്‍ റൂമില്‍ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രേഗിക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിച്ചതായും പറയുന്നു.

യുവതിയുടെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. സുഖ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയും കൃത്യ സമയത്ത് നല്‍കേണ്ട ചികിത്സ നിഷേധിച്ചതുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതിയിലുള്ളത്. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് തമ്പാനൂര്‍ പൊലീസില്‍ ബന്ധുക്കള്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഓയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഇന്നലെ വൈകിട്ട് 5.30 തോടെ അഖിലയുടെ വെണ്ണിയൂരിലെ കുടുംബ വീടിന് സമിപത്ത് സംസ്കരിച്ചു. റസല്‍പുരം സ്വദേശി അഭിലാഷാണ് ഭര്‍ത്താവ്.