വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുവാരകുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് കുരിക്കള്‍കാടിലാണ് സംഭവം. വനാതിര്‍ത്തിയില്‍ കാട് വെട്ടുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയടക്കം മൂന്ന് പേര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. 

കരുവാരകുണ്ട്(Karuvarakundu): മുള്‍ക്കാടില്‍ എന്തോ അനങ്ങുന്നപോലെ, കണ്ണെടുക്കും മുമ്പ് മുന്നിലേക്ക് കടുവ (ഊഗുാീ) ചാടി. കരുവാരകുണ്ടില്‍ കടുവയുടെ ആക്രമണത്തില്‍ (Tiger Attack) ഇതര സംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുവാരകുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് (Kerala estate) കുരിക്കള്‍കാടിലാണ് സംഭവം. വനാതിര്‍ത്തിയില്‍ കാട് വെട്ടുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയടക്കം മൂന്ന് പേര്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. ഝാര്‍ഖണ്ഡിലെ തൊഴിലാളി പുഷ്പലത (21), ഭര്‍ത്താവ് കരണ്‍ പ്രകാശ് (25), കരുവാരകുണ്ട് സ്വദേശിയായ അരുണ്‍ (35) എന്നിവര്‍ക്കുനേരെയാണ് കടുവ ചാടിയത്. സോളാര്‍ വേലി ഉണ്ടായതിനാല്‍ ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് യുവതിയും കുടുംബവും.

സോളാര്‍ വേലിക്ക് സമീപം മുള്‍ക്കാടുകള്‍ക്കുളളില്‍ ഏതോ ജീവിയെ ഭക്ഷിക്കുന്നതിനിടെയാണ് ഇവരുടെ നേരെ തിരിഞ്ഞത്. കടുവ ആക്രമിക്കാനെത്തുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടുന്നതിനിടെ പാറക്കെട്ടില്‍ വീണ് യുവതിയുടെ രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റു. യുവതിയെ കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിച്ചു. കരുവാരകുണ്ട് വനാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി കടുവയുടേയും പുലിയും ആക്രമണങ്ങള്‍ പതിവാണ്. വനപാലകര്‍ കെണി വെച്ച് കാത്തിരിപ്പ് തുടങ്ങിയിട്ടും കടുവയെ പിടിക്കാനായിട്ടില്ല.