കേസ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ടിക്കറ്റ് ഹാജരാക്കിയ ആളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് നിലപാട്. തന്നെ ബലമായി ലോട്ടറി കടയിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇവിടെ വെച്ച് ടിക്കറ്റ് മാറ്റുകയായിരുന്നുവെന്ന് വിശ്വംഭരന്‍ പൊലീസിനോട് പറഞ്ഞിരുന്നു

കല്‍പ്പറ്റ: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചതിന് ശേഷം തന്നെ ചതിച്ചെന്ന പരാതിയുമായി കര്‍ഷകന്‍. വയനാട്ടിലെ അമരക്കുനി സ്വദേശിയായ കര്‍ഷകന്‍ കണ്ണംകുളത്ത് വിശ്വംഭരനാണ് പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് വിശ്വംഭരന്‍ കാരുണ്യ പ്ലസ് ലോട്ടറി എടുത്തത്.

ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ ഈ ടിക്കറ്റിനായിരുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഒന്നാം സമ്മാനം അടിച്ചതായി അറിഞ്ഞതോടെ വിശ്വംഭരന്‍ ബന്ധുവും ലോട്ടറി ഏജന്‍സി നടത്തിപ്പുകാരനുമായ വ്യക്തിയെ ടിക്കറ്റ് ഏല്‍പ്പിച്ചതായും പിന്നീട് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നുമാണ് പരാതി.

ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് ഏജന്‍സിക്കാരന്‍ തട്ടിയെടുത്തെന്ന് കാണിച്ച് പുല്‍പ്പള്ളി സ്റ്റേഷനില്‍ പരാതിയും നല്‍കി. പൊലീസ് അന്വേഷണവും തുടങ്ങി. പക്ഷേ, അന്വേഷണത്തിന്‍റെ പുരോഗതിയൊന്നും വിശ്വംഭരനെ പൊലീസ് അറിയിച്ചില്ല. ഇതിനിടെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് വിശ്വംഭരനും കുടുംബവും വാര്‍ത്ത സമ്മേളനവും നടത്തി.

ഇതിന് ശേഷമാണ് ഏറ്റവും ഒടുവിലായി സമ്മാനര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ഹാജരാക്കിയ ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മുള്ളന്‍ക്കൊല്ലിക്കടുത്തുള്ള വടാനക്കവല സ്വദേശിയാണ് തിരുവനന്തപുരത്ത് എത്തി ടിക്കറ്റ് ഹാജരാക്കിയിരിക്കുന്നത്.

കേസ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ടിക്കറ്റ് ഹാജരാക്കിയ ആളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് നിലപാട്. തന്നെ ബലമായി ലോട്ടറി കടയിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇവിടെ വെച്ച് ടിക്കറ്റ് മാറ്റുകയായിരുന്നുവെന്ന് വിശ്വംഭരന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഏതായാലും അന്വേഷണത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് എത്തി ലോട്ടറി ഡയറക്ടറുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. വിശ്വംഭരന്‍റെ മകന്‍ വാഹനപകടത്തില്‍ മരിച്ചതിനാല്‍ കൃഷിയല്ലാതെ മറ്റു വരുമാനമാര്‍ഗ്ഗമൊന്നുമില്ല. സാമ്പത്തിക പരാധീനത ഏറിയതോടെ വീടിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പണി തീരാത്ത ഈ വീട്ടിലാണ് ഇപ്പോള്‍ ഇദ്ദേഹവും ഭാര്യയും കഴിയുന്നത്.