പരാതി പിന്‍വലിച്ചാല്‍ മാത്രമേ രണ്ടാമത്തെ മകളുടെ നിക്കാഹിന് അനുമതി നല്‍കുവെന്നാണ് സെക്രട്ടറി അറിയിച്ചതെന്നും പിതാവ് ആരോപിക്കുന്നു
ചങ്ങരംകുളം: മഹല്ല് സെക്രട്ടറിക്കെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ മകളുടെ വിവാഹം നടത്താന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി പിതാവ്. ചങ്ങരംകുളം സ്വദേശി സിദ്ദിഖാണ് പൂക്കറത്തറ മഹല്ല് സെക്രട്ടറി മകളുടെ നിക്കാഹ് നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സമൂഹവിവാഹത്തില്‍ ഉള്‍പ്പെടുത്തി ജൂലൈ ആറിന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. നിക്കാഹിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെ, ജൂലൈ നാലിന് നിക്കാഹ് നടക്കില്ലെന്ന് പിലാക്കല്‍ മഹല്ല് കമ്മിറ്റിയില്‍ നിന്ന് ഒരാള്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കമ്മിറ്റിക്ക് എതിരായി പരാതി നല്‍കിയിട്ടുണ്ടെന്നാണ് അതിന് അവര്‍ കാരണമായി പറഞ്ഞതെന്ന് സിദ്ദിഖ് പറയുന്നു. പൂക്കറത്തറ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പിലാക്കല്‍ കമ്മിറ്റിയിലേക്ക് സിദ്ദിഖിന്‍റെ മകളുടെ വിവാഹത്തിന് ധനസഹായം നല്‍കരുതെന്നറിയിച്ച് അറിയിപ്പ് കിട്ടിയതായി മഹല്ലില്‍ നിന്ന് വന്നയാള്‍ പറഞ്ഞതായും സിദ്ദിഖ് പറഞ്ഞു.
മൂത്തമകളുടെ വിവാഹത്തിന് പിന്നാലെ പൂക്കറത്തറ മഹല്ല് കമ്മിറ്റി സെക്രട്ടറി തനിക്കും കുടുംബത്തിനും എതിരെ അപകീര്‍ത്തികരമായി സംസാരിച്ചതിനെക്കുറിച്ച് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മഹല്ല് കമ്മിറ്റി തനിക്കെതിരെ തിരിഞ്ഞതെന്നും സിദ്ദിഖ് ആരോപിച്ചു. ആ പരാതി പിന്‍വലിച്ചാല്‍ മാത്രമേ രണ്ടാമത്തെ മകളുടെ നിക്കാഹിന് അനുമതി നല്‍കുവെന്നാണ് സെക്രട്ടറി അറിയിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. ആറുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു മഹല്ല് സെക്രട്ടറിക്കെതിരെ സിദ്ദിഖിന്‍റെ ഭാര്യ പരാതി നല്‍കിയത്.
വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ പണം അടച്ച രസീത് കൈപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ്, കേസ് പിന്‍വലിച്ചാലേ വിവാഹത്തിനുള്ള അനുമതി മഹല്ല് നല്‍കൂവെന്ന അറിയിപ്പുണ്ടായതെന്നും സിദ്ദിഖ് പറഞ്ഞു. മഹല്ലില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മകളുടെ നിക്കാഹ് മറ്റൊരിടത്ത് വച്ച് നടത്തേണ്ടി വന്നെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിന്‍റെ പരാതിയില്‍ കമ്മിറ്റി അംഗങ്ങളെ വിളിച്ച് വിവരം തിരക്കിയതാണെന്നും കേസ് തീര്‍പ്പാക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി.
