എറ്റവും അവസാനം മച്ചൂരില്‍ കൊല്ലപ്പെട്ട കൊഞ്ചനെ ആക്രമിച്ചത് പൂര്‍ണ ആരോഗ്യമുള്ള കടുവ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ വിവരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയതാകട്ടെ പ്രായം ചെന്ന പരിക്കേറ്റ കടുവയെയാണ്
കല്‍പ്പറ്റ: മൂന്ന് പേരെ കൊലപ്പെടുത്തുകയും നിരവധി വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്ത നരഭോജി കടുവയെ പിടികൂടിയെങ്കിലും വയനാട്-കര്‍ണാടക അതിര്‍ത്തിപ്രദേശമായ മച്ചൂരിലെ ഭീതി ഒഴിയുന്നില്ല. ഒരു കടുവയല്ല പ്രദേശത്തുള്ളതെന്നാണ് പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് കാരണം.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്നതിന് കാരണമായി ജനം പറയുന്നത്. ബൈരക്കുപ്പ, മച്ചൂര്‍, ഗുണ്ടറ എന്നീ പ്രദേശങ്ങളിലാണ് കടുവ മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവിടങ്ങളിലെ വളര്‍ത്തുമൃഗങ്ങളെയും ഇത് ഭക്ഷണമാക്കിയിരുന്നു.
അഞ്ച് താപ്പാനകളെ ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടക്കുന്നതിനിടയിലും കടുവ പ്രദേശങ്ങളിലെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതി പരത്തിയിരുന്നു. എറ്റവും അവസാനം മച്ചൂരില്‍ കൊല്ലപ്പെട്ട കൊഞ്ചനെ ആക്രമിച്ചത് പൂര്‍ണ ആരോഗ്യമുള്ള കടുവ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ വിവരം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയതാകട്ടെ പ്രായം ചെന്ന പരിക്കേറ്റ കടുവയെയാണ്. ഇതിന് പുറമെ മരക്കടവ് പ്രദേശത്തിറങ്ങിയിരുന്ന കടുവ ഇപ്പോള്‍ മച്ചൂര്‍ ഭാഗത്താണുള്ളതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. നിരവധി ക്യാമറകള്‍ മരക്കടവില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമീപ ദിവസങ്ങളിലൊന്നും കടുവയുടെ ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിട്ടില്ല.
അതേസമയം, ഒന്നിലധികം കടുവകള്‍ ഉണ്ടാകുമെന്ന വാദം വനംവകുപ്പ് തള്ളിയിരിക്കുകയാണ്. ഇതിന് സ്ഥിരീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇതിനിടെ കൊല്ലപ്പെട്ട കൊഞ്ചന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം വനംവകുപ്പ് കൈമാറി.
