ആലപ്പുഴ :  ലാൽസലാം സിനിമയിലെ ബാലതാരം ആലപ്പുഴ നഗരസഭയിൽ സ്ഥാനാർത്ഥി. സിനിമാ താരവും മോഡലുമായ തോമസ് കുരുവിളയാണ് അഭ്രപാളിയുടെ തിളക്കത്തില്‍ നിന്നും  വഴിച്ചേരിയിൽ പോരാട്ടത്തിനിറങ്ങുന്നത്. മോഹന്‍ലാല്‍-വേണുനാഗവള്ളി ടീമിന്റെ ലാല്‍സലാം എന്ന സിനിമയില്‍ ബാലതാരമായാണ് തോമസ് കുരുവിള സിനിമയിലെത്തുന്നത്.

തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടിയുമായുള്ള കുടുംബ സൗഹൃദമാണ് ലാല്‍സലാം സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കിയത്. ഒടുവില്‍ ഇറങ്ങിയ തെളിവ്, പൂഴിക്കടകന്‍ തുടങ്ങിയ സിനിമകളിലും തോമസ് കുരുവിള അഭിനയിച്ചിട്ടുണ്ട്. വഴിച്ചേരി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം. അറിയപ്പെടുന്ന മോഡലാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ബിന്ദു തോമസ് കളരിക്കലാണ് വഴിച്ചേരി വാര്‍ഡിലെ പ്രധാന എതിരാളി.