സൗത്ത് അമേരിക്കയിലെ വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്‍ ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചുവെന്ന്  ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട പൊന്‍കുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം മരം നട്ടുപിടിപ്പിച്ചത്.

കല്‍പ്പറ്റ: സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വയനാട്ടില്‍ വളര്‍ത്തിയ സെന്ന (സെന്ന സ്‌പെക്റ്റബിലൈസ്) അടക്കമുള്ള അധിനിവേശ സസ്യങ്ങളെ ഒടുവില്‍ സര്‍ക്കാര്‍ തന്നെ പിഴുതുമാറ്റുന്നു. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി വിദേശ സസ്യങ്ങള്‍ പിഴുത്മാറ്റി പ്രദേശിക-സ്വാഭാവിക വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നാല് വര്‍ഷം കൊണ്ട് സെന്നയെ മുഴുവനായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനംമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയെ തുടര്‍ന്ന് വയനാട്ടിലെത്തിയ വൃക്ഷമാണ് സെന്ന. സര്‍ക്കാര്‍ തന്നെയായിരുന്നു തൈകള്‍ വിതരണം ചെയ്തത്. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട പൊന്‍കുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം മരം നട്ടുപിടിപ്പിച്ചത്. എന്നാല്‍ പിന്നീട് വയനാടന്‍ കാടുകളിലാകെ ഇവ പടരുകയായിരുന്നു. സൗത്ത് അമേരിക്കയിലെ വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്‍ ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചുവെന്ന് ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. എക്‌സോട്ടിക് വിഭാഗത്തില്‍പെടുന്ന ഏറ്റവും ശല്യക്കാരനായ മരമാണ് സെന്നയെന്ന് വനംവകുപ്പിന് മനസിലായിട്ട് വര്‍ഷങ്ങളേറയായി. പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ചേര്‍ന്ന് ഇതിനകം തന്നെ സെന്ന പിഴുത് മാറ്റുന്ന പ്രവൃത്തി വയനാട്ടില്‍ തുടങ്ങിയിട്ടുണ്ട്.

സെന്നയുടെ ഇലപൊഴിഞ്ഞ് വീഴുന്ന നിലത്ത് മറ്റ് സസ്യങ്ങളും പുല്ലുകളും വളരുകയില്ല എന്നതാണ് അപകടകരം. മണ്ണിന്റെ ഫലഭൂവിഷ്ടത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിവുള്ള രാസപദാര്‍ഥങ്ങള്‍ ഇലകളിലടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും അപൂര്‍വ്വമായി ഇവ ഭക്ഷിക്കുന്ന മാനുകളടക്കമുള്ള വന്യജീവികള്‍ മരത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടിയതായാണ് കരുതുന്നത്. നിലവില്‍ മുത്തങ്ങ, നീലഗിരി വന്യജീവി സങ്കേതങ്ങളില്‍ നൂറുകണക്കിന് മരങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ജനവാസമേഖലകളിലടക്കം സെന്ന വളര്‍ന്ന് പന്തലിക്കുകയാണ്. വെട്ടിനശിപ്പിച്ചാലും പിഴുതുമാറ്റിയാലും അത്ഭുതപ്പെടുത്തുന്ന അതിജീവനമാണ് സെന്നക്കുള്ളത്. വേരില്‍ നിന്നുപോലും വലിയൊരു മരമാകാന്‍ കുറച്ച് വര്‍ഷങ്ങള്‍ മാത്രമാണ് വേണ്ടിവരുന്നത്. കുറഞ്ഞ സമയം കൊണ്ട് സെന്നയെ പൂര്‍ണമായി നീക്കല്‍ ശ്രമകരമായ ജോലിയാണെന്ന് ഈ മരങ്ങള്‍ പിഴുത് മാറ്റാന്‍ വനംവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അരുള്‍ ബാദുഷ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കുറഞ്ഞ സമയത്തില്‍ അധിനിവേശ മരങ്ങളെ ഇല്ലാതാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. പൊട്ടിപ്പോയ ചെറിയ വേരില്‍ നിന്നു പോലും സെന്ന മുളച്ച് പൊന്തും എന്നതിനാല്‍ എസ്‌കവേറ്റര്‍ പോലെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നത് തിരിച്ചടിയാകും. അതേ സമയം ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കൃത്യമായ ആസുത്രണം ആവശ്യമാണ്‌. മരം പറിച്ചെടുത്താലും വേരുകൾ അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കൃത്യമായ പദ്ധതി ആവിഷ്‌കരിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ എണ്ണം കൂടി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അരുള്‍ പറയുന്നു.