വിളപ്പിലിൽ ചെറുകിട സംരഭകയായ രാജിക്ക് അൻപത്തിയെട്ട് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു

തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധിയും തുടർന്നുള്ള സാമ്പത്തിക ആഘാതങ്ങളിലും മറ്റൊരു ആത്മഹത്യ കൂടി. കടബാധ്യതയിൽ മനംനൊന്ത് തിരുവനന്തപുരം വിളപ്പിലിൽ ചെറുകിട സംരഭക ജീവനൊടുക്കി. കല്ലുമലയിൽ ഹോളോ ബ്രിക്സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. 

വിളപ്പിലിൽ ചെറുകിട സംരഭകയായ രാജിക്ക് അൻപത്തിയെട്ട് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു ഹോളോബ്രിക്സ് കമ്പനി നടത്തിപ്പിനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കുംഎടുത്ത വായ്പയും ചിട്ടിയുമാണ് ബാധ്യത കൂട്ടിയത്. കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങി. 

ഭൂമിയായി 74 സെന്‍റ് കൈവശമുണ്ടായിരുന്നെങ്കിലും ഉപയോഗപ്പെട്ടില്ല. വിളപ്പിലിൽ സാങ്കേതിക സർവകലാശാലക്കായി ആദ്യം തീരുമാനിക്കപ്പെട്ട ഭൂപ്രദേശത്ത് രാജിയുടെ കുടുംബത്തിന്‍റെ ഭൂമിയും ഉൾപ്പെട്ടിരുന്നു. ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയുടെ വിസ്തൃതി കുറച്ചതോടെയാണ് പ്രശ്നം വഷളായത്. വാങ്ങിവച്ച ഭൂരേഖകൾ സമയത്ത് തിരികെ ലഭിക്കാതായതോടെ ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായെന്നും ഇതിൽ രാജിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു

വിളപ്പിലിൽ സാങ്കേതികസർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത 126 കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതോടെ ആധാരം അടക്കം കൈമാറിയവർക്ക് ഭൂരേഖകളും പണവുമില്ലാത്ത സ്ഥിതിയായി. രാജിയുടെ മരണത്തോടെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

YouTube video player