തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തീപിടുത്തം. വഴുതക്കാട് ദിയാൻബി വാണിജ്യ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രണ്ട് നിലകളിൽ തീപടർന്നു. ആളപായമില്ല. 

രാത്രി ഒൻപതരയോടെയാണ് നഗരമധ്യത്തിൽ കലാഭവൻ തീയറ്ററിന് സമീപമുള്ള ദിയാൻബി കെട്ടിടത്തിന് തീപിടിച്ചത്. ഭൂഗർഭനിലയിൽ പ്രവ‍ർത്തിക്കുന്ന ആർഎംസി സൂപ്പർമാർക്കറ്റിലാണ് ആദ്യം പുക കണ്ടത്. താഴത്തെ നിലയിൽ നിന്നും ഒന്നാം നിലയിൽ നിന്നും പുക ഉയർന്നതോടെ ആശങ്കയേറി. കെട്ടിടത്തിന്റെ മുൻവശത്തുള്ള ചില്ല് തകർത്ത് അകത്തുകയറിയാണ് ഫയർഫോഴ്സ് തീയണച്ചത്. 

ഒന്നാം നിലയിലെ ചെരിപ്പുകടയിലാണ് തീപിടുത്തമുണ്ടായത് എന്നാണ് നിഗമനം. നാശനഷ്ടങ്ങൾ പൂർണമായും തിട്ടപ്പെടുത്താനായിട്ടില്ല. പതിനാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീയുടെ ഉറവിടം കണ്ടെത്താനാകാഞ്ഞത് ഏറെ നേരം ആശങ്കയ്ക്കിടയാക്കിയിരുന്നു.