അരൂർ: ആക്രി കടയിൽ തീപിടിച്ചു. ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ രക്ഷപ്പെട്ടു. ദേശീയ പാതയിൽ ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ചന്തിരൂർ പള്ളിപ്പറമ്പിൽ വിനജിയുടെതാണ് ഈ കട. 

മുറിയിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാനക്കാരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരി കരയാംവട്ടം രാജമ്മ (42) രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി കടക്ക് മുകളിലായി നാല് മുറികളുള്ള ലോഡ്ജും പ്രവർത്തിച്ചിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് തീ കണ്ടത്. ആദ്യം കറുത്ത പുകയാണ് പുറത്ത് കണ്ടത്. നിമിഷനേരം കൊണ്ട് അത് തീഗോളമായി മാറുകയായിരുന്നു. താഴെ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളും ലോഡ്ജിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.

താഴത്തെ നില കത്തുമ്പോൾ ഇതൊന്നും അറിയാതെ മുറിയാലുണ്ടായിരുന്ന രണ്ട് ഒറീസ് സ്വദേശികളെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. അരൂരിൽ നിന്ന് രണ്ട് യൂണിറ്റും ചേർത്തലയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നഷ്ടം കണക്കാക്കിയട്ടില്ല.