മുറുകിയ കുരുക്ക് അഴിക്കാൻ നിർവാഹമില്ലാതായതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടി. നെടുങ്കണ്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് കുരുക്ക് മുറിച്ചുമാറ്റി.

നെടുങ്കണ്ടം: ∙ രക്ഷതേടി തെരുവ് നായ (street Dog) എന്നും കുടിവെള്ളവും ഭക്ഷണവും നൽകുന്ന പൊതുപ്രവർത്തകന്റെ വീട്ടിലെത്തി. നായയെ മൃഗസംരക്ഷണ വകുപ്പും ഫയർഫോഴ്സും പൊതുപ്രവർത്തകനും ചേർന്ന് (rescued) രക്ഷപ്പെടുത്തി. വേട്ട സംഘത്തിന്റെ കുരുക്കിൽ അകപ്പെട്ട് അവശനിലയിലായ തെരുവുനായയാണ് കൂട്ടാറിന് സമീപമുള്ള സക്കീർ ഹുസൈന്റെ വീടിന് സമീപം എത്തിയത്. സക്കീർ ഹുസൈൻ എന്നും ഭക്ഷണവും വേനൽക്കാലമെത്തിയാൽ കുടിവെള്ളവും നൽകുന്ന നായയായിരുന്നു ഇത്.

നായ വന്ന് സക്കീർ ഹുസൈനെ ചുറ്റിപ്പറ്റി ഒരു ശബ്ദം പ്രകടിപ്പിച്ച് നിന്നപ്പോഴാണ് കുരുക്ക് മുറുകിയുണ്ടായ ഗുരുതര മുറിവ് ശ്രദ്ധിച്ചത്. അവശനിലയിലായ നായ വീട്ടിലെ ഒരു മുറിയിലേക്ക് കയറി കിടക്കുകയും ചെയ്തു. നായയ്ക്ക് ഭക്ഷണമൊക്കെ നൽകി കുരുക്ക് അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ വിവരം മൃഗ ഡോക്ടർ സി.ആർ.വൈശാഖിനെ അറിയിച്ചു. മുറുകിയ കുരുക്ക് അഴിക്കാൻ നിർവാഹമില്ലാതായതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടി. നെടുങ്കണ്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് കുരുക്ക് മുറിച്ചുമാറ്റി.

സീനിയർ ഫയർ ഓഫിസർ ചന്ദ്രകാന്ത്, ഫയർ ഓഫിസർ കേശവ പ്രദീപ്, അതുൽ, പ്രശോഭ്, എച്ച്.ജി.രത്നകുമാർ, സിനോജ് രാജൻ എന്നിവരടങ്ങിയ സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്. അവശനിലയിലായ നായയ്ക്ക് ഇൻജക്‌ഷനും വേദനസംഹാരി മരുന്നും മൃഗഡോക്ട‌റും നൽകി. ഏതാനും ദിവസം മുൻപാണ് നായയുടെ ശരീരത്ത് കുരുക്ക് മുറുകിയതെന്നാണ് നിഗമനം. ഗുരുതര മുറിവേറ്റ നായയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സമയമത്രയും വേദന സഹിച്ച് നിന്നതും അക്രമവാസനയൊന്നും പ്രകടിപ്പിക്കാതെയിരുന്നതും രക്ഷാപ്രവർത്തകർക്കു സഹായമായി. രക്ഷകനായ സക്കീർ ഹുസൈനൊപ്പമാണ് നായ ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ഭക്ഷണവും നായ കഴിച്ചുതുടങ്ങിയതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് സക്കീർ ഹുസൈൻ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 15ലധികം നായകൾക്ക് സക്കീർ ഹുസൈൻ വേനൽക്കാലത്ത് വെള്ളം നൽകുന്നുണ്ട്.