Asianet News MalayalamAsianet News Malayalam

അപകടങ്ങളിൽ നിന്നെങ്ങനെ രക്ഷപ്പെടാം; സുരക്ഷാ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി അഗ്നിശമന സേനയുടെ പ്രദർശനം

അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ വിശദമാക്കി അഗ്നിശമന സേനയുടെ പ്രദര്‍ശനം.

fire forces exhibition stall explaining safety measures
Author
Alappuzha, First Published Dec 23, 2019, 10:13 PM IST

ആലപ്പുഴ: എസ് ഡി വി സ്കൂൾ മൈതാനിയിൽ നടക്കുന്ന കാർഷിക വ്യാവസായിക പ്രദർശനത്തിലെ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവരെക്കാത്ത് വ്യത്യസ്ത അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 'അപകടങ്ങളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം, അപകടം എങ്ങനെ ഒഴിവാക്കാം' തുടങ്ങി നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന അപകട സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ഇവിടെ നിന്നും ലഭിക്കും. പാചകവാതക അപകടം, അഗ്നിബാധ, കിണർ അപകടം, ജലാശയ അപകടം, റോഡപകടം എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വൈദ്യുതി, പടക്കങ്ങൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്റ്റാളിൽ വിശദീകരിക്കുന്നു. 

അടിയന്തര സാഹചര്യങ്ങളിൽ അഗ്നിശമന രക്ഷാസേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നുമുണ്ട്. പ്രളയ രക്ഷാപ്രവർത്തനങ്ങളിലും വിവിധ അപകടങ്ങളിലും അഗ്നിശമന സേനാംഗങ്ങളുടെ സേവന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചിത്രപ്രദർശനവും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. അമോണിയം പോലുള്ള രാസവാതകങ്ങളിൽ നിന്ന് രക്ഷനേടാൻ ഉപയോഗിക്കുന്ന സുരക്ഷാ കവചമായ കെമിക്കൽ സ്യൂട്ട്, ജലാശയങ്ങളിൽ ഉപയോഗിക്കുന്ന സ്കൂബ സ്യൂട്ട്, ശിതീകരണ സൗകര്യമുള്ള കൂളിംഗ് ഹെൽമറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ച് പൈപ്പുകൾ, തുടങ്ങിയവയും പ്രദർശനത്തിനുണ്ട്.

തീ പിടുത്തങ്ങളിൽ സാധരണയായി ഉപയോഗിക്കുന്ന ഓർഡിനറി ബ്രാഞ്ച്, അകലെ നിന്ന് തീ കെടുത്തുന്ന ഫിക്സഡ് മോണിറ്റർ, രാസ അഗ്നിബാധ അണയ്ക്കാൻ ഉപയോഗിക്കുന്ന ഫോം മേക്കിംഗ് ബ്രാഞ്ച് പൈപ്പ്, കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഇടിഞ്ഞ് വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ കോൺക്രീറ്റ് പൊളിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിനുപയോഗിക്കുന്ന ഇലക്ട്രിക് ബ്രേക്കർ, വാഹനപകടങ്ങളിൽ വാഹനങ്ങൾ പൊളിച്ച് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്പ്രൈസർ വിത്ത് ഇലക്ട്രിക് കട്ടർ, അഗ്നി ശമന ഉപകരണങ്ങളായ സി ഒ ടു എക്സ്റ്റിംഗ്യൂഷർ, ഡി സി പി എക്സ്റ്റിംഗ്യൂഷർ, ബൂസ്റ്റർ പമ്പ്, ഫ്ലാറ്റ് സ്പ്രേ, ബ്രീത്തിംഗ് സെറ്റ്, തുടങ്ങി അപകടങ്ങളെ തരണം ചെയ്യാൻ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനം സന്ദർശകർക്ക് പുതിയ അറിവ് പകരുന്നതാണ്. 


 

Follow Us:
Download App:
  • android
  • ios