തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിലെ വികാസ് ലെയിനിലെ ഒരു വീട്ടിൽ തീപിടിത്തം. പൊലീസും ഫയർഫോഴ്‍സും എത്തി തീയണച്ച് പരിശോധന നടത്തിയപ്പോൾ തീപിടിത്തമുണ്ടായ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. അത്രയും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്.

വികാസ് ലെയിനിലെ അഞ്ചാം നമ്പർ വീട്ടിലാണ് രാത്രി പത്തേകാലോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‍സും പൊലീസുമെത്തി തീയണച്ചു. രണ്ട് നിലകളുള്ള വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഈ മുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.

എന്നാൽ ആരാണ് ഈ വീട്ടിൽ താമസിക്കുന്നത് എന്ന കാര്യത്തിൽ അയൽവക്കത്തുള്ള ആർക്കും കൃത്യമായ ധാരണയില്ല. ഗൾഫിലുള്ള ഒരാളുടെ വീടാണിത്. ഈ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയും അവരുടെ ഭർത്താവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്നും അയൽക്കാർ പറയുന്നു. എന്നാൽ ഇവരുടെ പേര് സംബന്ധിച്ചും ആർക്കും വ്യക്തതയില്ല. 

എന്നാൽ ഈ വീട്ടിൽ നിന്ന് അവർ മാറിയിരുന്നോ, വേറെ ആർക്കെങ്കിലും വാടകയ്ക്ക് നൽകിയോ എന്നും അയൽക്കാർക്ക് അറിയില്ല. 

''പട്ടം വൈദ്യുതി ഭവനിൽ ജോലി ചെയ്തിരുന്ന വിരമിച്ച ഒരു കെഎസ്ഇബി ഉദ്യോഗസ്ഥയാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് വിവരമുള്ളത്. അതിനായി പട്ടം വൈദ്യുതി ഭവനിലുള്ളവരെ ഞങ്ങൾ ബന്ധപ്പെട്ട് വരികയാണ്. വീട്ടുടമസ്ഥൻ എൻആർഐ ആയതിനാൽ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഒരു മുറിയിൽ മാത്രമാണ് തീ പിടിച്ചിരിക്കുന്നത്. മുറിയിലെ ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വന്ന് നോക്കിയത്. അവിടെയാണ് മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ആരെന്ന് വ്യക്തമായിട്ടില്ല'', എന്ന് കന്റോൺമെന്‍റ് എസിപി സുനീഷ് ബാബു വ്യക്തമാക്കുന്നു.