ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കെട്ടിടത്തിലെ മൂന്നാം നിലയിൽ സൺഷേഡിൽ കുടിങ്ങിയ പൂച്ചക്കുഞ്ഞിന് രക്ഷകരായി ചാക്ക അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. രണ്ടു ദിവസമായി പൂച്ചക്കുഞ്ഞ് കുടുങ്ങിയിട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം എന്ന സന്ദേശം ചാക്ക അഗ്നിരക്ഷ നിലയത്തിൽ എത്തുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നിന്നാണ് വിളി എത്തുന്നത്.
ഉടനെ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ രതീഷ് ആർ, രതീഷ്കുമാർ. ഡി, ഫയർമാൻ ഡ്രൈവർ എം.പ്രദീപ് എന്നിവർ സ്ഥലത്തെത്തി. രണ്ടുദിവസം മുൻപാണ് സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെ മൂന്നാം നിലയിലെ സൺഷേഡിൽ പൂച്ചക്കുഞ്ഞ് രക്ഷപെടാൻ കഴിയാതെ അകപ്പെട്ടത്. ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫയർമാൻ ഡ്രൈവർ എം. പ്രദീപ് സാഹസികമായി മൂന്നാം നിലയിൽ കയറി പൂച്ചക്കുഞ്ഞിന്റെ അടുത്ത് എത്തി ചാക്കിൽ കെട്ടി താഴെ ഇറക്കുകയുമായിരുന്നു.
