Asianet News MalayalamAsianet News Malayalam

800 പേരില്‍ ഒന്നാമൻ; അശ്മില്‍ ശാസ് അഹമ്മദിന് ഇനി ദുബായ് എക്സ്പോ സൗജന്യമായി കാണാം

ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എംറ്റി.ഡിഎം എച്ച്എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്

First among 800 Ashmil Shas Ahmed can now watch Dubai Expo for free
Author
Kerala, First Published Oct 26, 2021, 9:03 PM IST

കല്‍പ്പറ്റ: ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എംറ്റി.ഡിഎം എച്ച്എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തൊണ്ടര്‍നാട് കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ് അശ്മില്‍ ശാസ് അഹമ്മദ്.

സ്‌കൂള്‍തലത്തിലുള്ള ആദ്യ റൗണ്ട് പരീക്ഷയ്ക്ക് ശേഷം കല്‍പ്പറ്റ എസ്കെ.എംജെ സ്‌കൂളില്‍ നടന്ന രണ്ടാം റൗണ്ട് പരീക്ഷയില്‍ 57 പേരാണ് ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയത്. ഇതില്‍ നിന്നും മികവുതെളിയിച്ച ഏഴുപേരെയാണ് പ്രത്യേക പാനലിന് മുന്നിലുള്ള മുഖാമുഖത്തില്‍ പങ്കെടുപ്പിച്ചത്. ഏറ്റവും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ദുബായ് എക്സ്പോ കാണാന്‍ തെരഞ്ഞെടുക്കാനുള്ള മുഖാമുഖമാണ് ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് കലക്ടറേറ്റില്‍ നടന്നത്.

 വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ ആഴത്തിലുള്ള അറിവുകള്‍ പരിശോധിക്കുന്നതിനുള്ള മുഖാമുഖത്തിന് സബ്കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പാനലാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കും ഗ്രേഡും നേടിയ അശ്മില്‍ ശാസ് അഹമ്മദ് മറ്റുള്ളവരെ പിന്നിലാക്കി നേട്ടം കൈവരിക്കുകയായിരുന്നു. ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ ദേശീയ ഗണിത ശാസ്ത്രമേളയിലും അശ്മില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. 

കുഞ്ഞോം എയുപി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനി ആയിഷയാണ് അശ്മിലിന്റെ സഹോദരി. രാജ്യത്തെ 112 ആസ്പിരേഷന്‍ ജില്ലകളായി നീതി ആയോഗ് പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്. ആസ്പിരേഷന്‍ ജില്ലകളില്‍ നിന്ന് മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് നീതി ആയോഗ് ദുബൈ എക്സപോ കാണാന്‍ സൗജന്യമായി കൊണ്ടുപോകുന്നത്. യാത്ര സമയം നീതി ആയോഗ് തീരുമാനിക്കും.

Follow Us:
Download App:
  • android
  • ios