തൃശ്ശൂർ:  അഴീക്കോട് ഫിഷറീസ് സ്റ്റേഷൻപ്രവർത്തനത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ ആറാമത്തെയും ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷൻ ആണ് ഇത്. മറൈൻ എൻഫോഴ്സിന്റെയും സുരക്ഷാ ഗാർഡുകളുടേയും പ്രവർത്തനം ഉടൻ ആരംഭിക്കും.

കടൽ നിയമം പാലിച്ച് അനധികൃത മത്സ്യ ബന്ധനം തടയുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, കടലിലെ അപകടങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൃശ്ശൂരിലെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. 

50 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ദിനം പ്രതിയുള്ള പട്രോളിംഗും മത്സ്യബന്ധനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഷൻ പ്രർത്തിച്ചു തുടങ്ങുന്നതോടെ യാഥാർത്ഥ്യമാകും. ആധുനിക സംവിധാനങ്ങലോട് കൂടിയ ബോട്ടുകൾ ഉടൻ എത്തിക്കും, ബോട്ടുകളുടെ റജിസ്ട്രേഷനും മറ്റ് പരിശോധനകളും ഇനി പുതിയ സ്റ്റേഷനിലാണ് നടക്കുക. 

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്ത്വത്തിലാകും സ്റ്റേഷൻ പ്രവർത്തിക്കുക. മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ, എസ്ഐ, സിവിൽ പൊലീസ് ഓഫീസർമർ എന്നിവരും സ്റ്റേഷനിലുണ്ടാകും.ആടുത്ത മാർച്ച് മാസത്തിനകം സ്റ്റേഷൻ പൂർണമായും സജ്ജമാക്കാനാണ് അധികൃതരുടെ ശ്രമം.