മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങുകയായിരുന്നു.

കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളർന്ന് കടലിൽ മുങ്ങിയ ബോട്ടിൽ നിന്ന് 7 പേരെ രക്ഷപ്പെടുത്തി. കടലിൽ നങ്കൂരമിട്ട സിൽവർസ്റ്റാർ എന്ന ബോട്ടിൽ നൗറീൻമോൾ എന്നബോട്ട് ഇടിക്കുകയായിരുന്നു
തോപ്പുംപടയിൽ നിന്നും മുനമ്പത്ത് നിന്നും പോയ രണ്ട് മതസ്യബന്ധന ബോട്ടുകളാണ് തീരത്ത് നിന്ന് 30 ലേറെ കിലോമീറ്റർ അകലെ അപകടത്തിൽപെട്ടത്. കനത്തമഴയും വെളിച്ചക്കുറവിനെയും തുടർന്നാണ് അപകടമെന്നാണ് സൂചന. മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ നങ്കൂരമിട്ട് വിശ്രമിക്കുകയായിരുന്നു സിൽവർസ്റ്റാർ എന്ന ചൂണ്ട ബോട്ടിലെ 8 തൊഴിലാളികൾ. ഇതുവഴിയെത്തിയ നൗറീൻമോൾ എന്ന ബോട്ട് സിൽവർസ്റ്റാർ ബോട്ടിനെ കാണുംമുൻപ് അപകടം നടന്നു. ഇടിയുടെ ആഘാതത്തിൽ സിൽവർസ്റ്റാർ ബോട്ട് രണ്ടായി പിളർന്ന് മുങ്ങുകയായിരുന്നു
അപകടത്തിൽപ്പെട്ടവരെ നൗറീൻമോൾ ബോട്ടിലെ തൊഴിലാളികൾ തന്നെയാണ് രക്ഷപ്പെടുത്തിയത്. പുലർച്ചെ 4.50 ഓടെയാണ് തൊഴിലാളികളുമായി നൗറീൻ ബോട്ട് കരയ്ക്കെതിരെയത്. അപ്പോഴേക്കും കൊല്ലം സ്വദേശി ജോസ് അപ്പോഴേക്കും മരിച്ചിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരുക്കില്ല. ജോസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.