Asianet News MalayalamAsianet News Malayalam

രക്ഷാദൗത്യം മണിക്കൂറുകൾ നീണ്ടു,ഇതുവരെയില്ലാത്ത വെള്ളപൊക്കം, കാരണം ടെക്ക്നോപാര്‍ക്ക് നിർമാണത്തിലെ അപാകതയോ?

വരും ദിവസങ്ങളിലും ശക്തമായ മഴക്കുള്ള മുന്നറിയിപ്പുള്ളതിനാല്‍ വീണ്ടും പ്രദേശത്ത് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍

flood in trivandrum techno park and ambalathinkara, rescue operation continued for several hours, what happend actually?
Author
First Published Oct 15, 2023, 2:50 PM IST

തിരുവനന്തപുരം:  മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിലും സമീപത്തെ അമ്പലത്തിങ്കരയിലുമുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ ടെക്ക്നോപാർക്കിലും ടെക്നോപാർക്കിന് പിന്നിൽ അമ്പലത്തിങ്കരയിലെ വീടുകളിലും ലേഡീസ് ഹോസ്റ്റലിലുമാണ് വെള്ളം കയറിയത്. പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാവുകയായിരുന്നു. വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിനാളുകളെ ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

2018ലെ പ്രളയത്തിൽ പോലും അമ്പലത്തിങ്കര മുങ്ങിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് പലരും വെള്ളം കയറിയ വിവരം അറിയുന്നത്. ഉറക്കം ഉണര്‍ന്നപ്പോള്‍ പ്രദേശത്തെ പല വീടുകളും വെള്ളത്തിലായത് നാട്ടുകാര്‍ അറിഞ്ഞത്. വെള്ളം കയറി വീടുകളിലുള്ളവര്‍ പലരും വീടിനുള്ളില്‍ കുടുങ്ങിപോവുകയായിരുന്നു. ടെക്നോപാർക്കിലെ വനിതാ ജീവനക്കാരും കാര്യവട്ടം ക്യാപസിലെ വിദ്യാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകളിലും വെള്ളം കയറി. വെള്ളത്താല്‍ പ്രദേശം ഒറ്റപ്പെട്ടതോടെ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ഫോഴ്സ്, സ്കൂബ ഡൈവേഴ്സ് സംഘം എത്തുകയായിരുന്നു.

പുലര്‍ച്ചെ തന്നെ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ടെക്നോപാർക്കിലെ പുതിയ നിർമാണപ്രവർത്തനങ്ങൾക്കായി അമ്പലത്തിങ്കരയിലൂടെ ഒഴുകുന്ന കൊച്ചുതോട് അടച്ചതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ടെക്ക്നോപാര്‍ക്കിലെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി തോട് അടച്ചതോടെ വെള്ളം പരന്നൊഴുകുകയായിരുന്നുവെന്നും
ഇതുവരെ ഇവിടെ ഇത്തരത്തില്‍ വെള്ളം കയറിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.ടെക്ക്നോപാര്‍ക്ക് രണ്ടാം ഘട്ടത്തിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് പ്രധാന ആരോപണം. വരും ദിവസങ്ങളിലും ശക്തമായ മഴക്കുള്ള മുന്നറിയിപ്പുള്ളതിനാല്‍ വീണ്ടും പ്രദേശത്ത് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൂടുതല്‍ ശക്തമായ മഴ പെയ്താല്‍ കൂടുതല്‍ വീടുകളിലേക്കും വെള്ളം കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മഴക്കെടുതി; ജനങ്ങൾ ദുരിതത്തിൽ, മണ്ണിടിച്ചിലിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
 

Follow Us:
Download App:
  • android
  • ios