കോഴിക്കോട്: ഓണമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയർന്നു. കേരളത്തിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി ഉയര്‍ന്നു. പൂക്കളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച വരെ 200 രൂപയായിരുന്ന മുല്ലപൂവിന് കോയമ്പേട്ടിലെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ അഞ്ഞൂറിന് മുകളില്‍ വില ഉയർന്നിരിക്കുകയാണ്. 150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറും 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറുമായാണ് വില കൂടിയത്. 80 രൂപയായിരുന്ന റോസാപ്പൂവിന് 180ന് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഇത്തവണ വരള്‍ച്ചാ പ്രതിസന്ധി രൂക്ഷമായതും പൂ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കർഷകർ വ്യക്തമാക്കുന്നു. 

ഓണക്കാലത്തുൾപ്പടെ പൂക്കൾ വിൽക്കുന്നതിന് തമിഴകത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങൾക്ക് കേരളം പ്രധാന വിപണന കേന്ദ്രമാണ്. ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവിൽപ്പനാ കേന്ദ്രങ്ങളില്‍ ഈ വില തുടരാനാണ് സാധ്യത. കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും ഇനിയും വില ഉയരുമെന്നതിനാല്‍ പൂക്കളമിടാന്‍ ഇത്തവണയും കൈപൊള്ളും.