കല്‍പ്പറ്റ: ജനവാസപ്രദേശങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കടുവ, പുലി എന്നിവയെ പിടികൂടി വയനാട്ടില്‍ തന്നെ മറ്റേതെങ്കിലും ഭാഗത്തുള്ള കാടുകളില്‍ കൊണ്ടുചെന്ന് വിടുന്നത് വനംവകുപ്പിന്റെ പതിവായിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ ചീയമ്പത്ത് നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ഇതിന് തെളിവാണ്. തിരുവനന്തപുരം മൃഗശാലയില്‍ കടുവയെ പാര്‍പ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.

ജനവാസ പ്രദേശങ്ങളിലിറങ്ങി ശീലിച്ച വന്യജീവികളെ പിടിച്ച് എവിടെ കൊണ്ടിട്ടാലും തിരിച്ച് നാട്ടിലെത്തുമെന്നാണ് ജനം പറയുന്നത്. ഇതിന് ഉദാഹരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുല്‍ത്താന്‍ബത്തേരിക്കടുത്ത വടക്കനാട് പ്രദേശത്ത് വര്‍ഷങ്ങളോളം ഭീതി പടര്‍ത്തിയ കാട്ടാനയായിരുന്നു വടക്കനാട് കൊമ്പന്‍. മനുഷ്യജീവനും സ്വത്തുക്കളും ഈ ആന കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. ശല്ല്യം കൂടിയപ്പോള്‍ വനംവകുപ്പ് സര്‍വ്വസന്നാഹവും ഉപയോഗിച്ച് ആനയെ മേഖലയില്‍ നിന്ന് തുരത്തി. കര്‍ണാടക കാട് വരെ പോയ കൊമ്പന്‍ പക്ഷേ രണ്ട് നാള്‍ കഴിഞ്ഞ് വീണ്ടും പ്രദേശത്തെത്തി അക്രമം തുടര്‍ന്നു. ഗതികെട്ട് കോളര്‍ ഐ.ഡി വരെ സ്ഥാപിച്ചു. എന്നിട്ടും ജനവാസപ്രദേശങ്ങളിലെത്തുന്നതിന് ഒരു കുറവുമുണ്ടായില്ല. കോളര്‍ ഐ.ഡി സ്ഥാപിച്ചതിന് ശേഷം ആനയുടെ സഞ്ചാരപദങ്ങള്‍ മനസിലാക്കി ശല്ല്യം ചെറുക്കാനായിരുന്നു പദ്ധതിയെങ്കിലും ആനബുദ്ധിക്ക് മുമ്പില്‍ മനുഷ്യന്‍ തോറ്റു. ഒടുവില്‍ സഹിക്കെട്ട് മയക്കുവെടിവെച്ച് ആനയെ തളക്കേണ്ടി വന്നു. ഇപ്പോള്‍ മുത്തങ്ങ ആനപ്പന്തിയില്‍ കുങ്കിയാന പരിശീലനത്തിലാണ് നാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂലങ്കാവില്‍ വെച്ച് ഒരു കടുവയെ വനംവകുപ്പിന് വെടിവെച്ച് കൊല്ലേണ്ടി വന്നിരുന്നു. ജനവാസപ്രദേശങ്ങളില്‍ നിരന്തരം എത്തിയിരുന്ന കടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയിട്ടും ഫലമില്ലാതായതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ഈ കടുംകൈ ചെയ്യേണ്ടിവന്നത്.

 

കല്ലൂര്‍ കൊമ്പനും നല്ല നടപ്പില്‍


മുത്തങ്ങ കാടുകളില്‍ നിന്ന് നേരം സന്ധ്യയായാല്‍ നാട്ടിലേക്കിറങ്ങുന്ന പതിവായിരുന്നു കല്ലൂര്‍ കൊമ്പന്. മുത്തങ്ങക്കടുത്ത കല്ലൂര്‍, കല്ലൂര്‍ 67, നെന്മേനി പ്രദേശങ്ങളിലുള്ളവരുടെ പേടിസ്വപ്‌നമായിരുന്നു നീണ്ട കൊമ്പുകളോടെ തലയെടുപ്പുള്ള ഈ കൊമ്പന്‍. വന്ന് വന്ന് നാട് ചിരപരിചിതമായതോടെ പകലും കല്ലൂര്‍ കൊമ്പനെ ഭയക്കണമെന്ന സ്ഥിതി വന്നു. ഒടുവില്‍ ജനരോഷം കനത്തതോടെയാണ് കല്ലൂര്‍ കൊമ്പനെ പിടികൂടി മുത്തങ്ങ ആനപന്തിയിലെത്തിച്ചത്. വടക്കനാട് കൊമ്പനെ തളച്ച കൂട്ടിനടുത്ത് തന്നെ വര്‍ഷങ്ങളായി കല്ലൂര്‍ കൊമ്പനും നല്ലനടപ്പ് പഠിക്കുന്നുണ്ട്.

 

പുല്‍പ്പള്ളി മേഖലയില്‍ കടുവ സാന്നിധ്യം സ്ഥിരമായി


പുല്‍പ്പള്ളിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരന്തരം കടുവ ശല്ല്യത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നതിനിടക്കാണ് ചീയമ്പത്തെ കടുവ പിടിയിലാകുന്നത്. ചീയമ്പം കഴിഞ്ഞാല്‍ കടുവകളുടെ സാന്നിധ്യം സ്ഥിരമായ പ്രദേശങ്ങളില്‍ ഒന്നാണ് പാക്കം. വാഹനയാത്രികര്‍ സ്ഥിരമായി ഇവിടെ നിന്ന് കടുവയെ കാണുന്നുമുണ്ട്. വയനാടന്‍ കാടുകളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ച കാരണം കൊണ്ടൊക്കെ തന്നെയാണ് ചീയമ്പത്തെ കടുവയെ തിരിച്ച് വീണ്ടും കാട്ടിലേക്കയക്കണ്ട എന്ന തീരുമാനത്തില്‍ വനംവകുപ്പ് എത്തിച്ചേര്‍ന്നത്.