കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലകളിലേക്ക് കടുവകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ എത്തുന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണം വ്യാപകമാകുന്നു. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയില്‍ കടുവ ബൈക്ക് യാത്രികരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്‍റെ വീഡിയോ വന്നതിന് ശേഷമാണ് വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള വീഡിയോകള്‍ കൂടുതലായി പ്രചരിപ്പിച്ചു തുടങ്ങിയിട്ടുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കടുവയും പെരുമ്പാമ്പും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാക്കം കുറുവ മേഖലയില്‍ നിന്ന് പകര്‍ത്തിയതാണെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് നാഗര്‍ഹോള വനത്തിനുള്ളില്‍ നിന്ന് എടുത്തതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിന് ഉള്‍വശം മിക്കയിടങ്ങളിലും ഒരു പോലെ തോന്നുവെന്നത് കൊണ്ടാകാം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായത്. പാക്കം-

കുറുവ മേഖലയോട് സാദൃശ്യം തോന്നുന്ന സ്ഥലമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം മൂലം ഭീതിയിലാകുന്നത് പ്രദേശവാസികളാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ പ്രചരിച്ചതോടെ കോട്ടവയല്‍, ചെറിയാമല, കുറുവ നിവാസികള്‍ കടുവാ ഭീതിയിലാണ്.
കഴിഞ്ഞയാഴ്ചയാണ് വേലിയമ്പം  നടവയല്‍ റോഡില്‍ കരടി എന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നത്. വീഡിയോ കണ്ട പ്രദേശവാസികള്‍  ഇതുവഴിയേ സഞ്ചരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയും നാഗര്‍ഹോളയില്‍ നിന്നാണെന്ന് പിന്നീട് സ്ഥീരികരിച്ചു.

കഴിഞ്ഞമാസം ബത്തേരി  പുല്‍പള്ളി വനപാതയില്‍ വട്ടപ്പാടിക്ക് സമീപം ബൈക്ക് യാത്രികര്‍ക്ക് നേരേ കടുവ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നെന്ന രീതിയില്‍ മറ്റു വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പുള്ളിപ്പുലിയും കരിമ്പുലിയും വനത്തിലൂടെ ഓടുന്ന വീഡിയോയും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.  

കേരളത്തില്‍ നിന്നല്ലാത്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭീതിയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ഉറവിടവും കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതര്‍. ഇത്തരത്തിലുള്ള വ്യാജ പ്രചരണം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് ചെതലയം റേഞ്ച് ഓഫീസര്‍ വി. രതീശന്‍ പറഞ്ഞു.