അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിനു നേരെ കാട്ടാന പാഞ്ഞടുത്തത് ഭീതി പരത്തി. ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു ആക്രമണ ശ്രമം
തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിനു നേരെ കാട്ടാന പാഞ്ഞടുത്തത് ഭീതി പരത്തി. ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു ആക്രമണ ശ്രമം. ഇല്ലിക്കാടുകളിൽ മറഞ്ഞിരുന്ന മഞ്ഞക്കൊമ്പൻ എന്ന ആന പെടുന്നനെ ബസിനു നേരേ പാഞ്ഞടുക്കകയായിരുന്നു. 15 മിനിറ്റോളം ആന റോഡിൽ തുടർന്നു. അന്തര്‍സംസ്ഥാന പാതയായ ആനമല റോഡില്‍ അമ്പലപ്പാറ പവര്‍ഹൗസിന് സമീപമായിരുന്നു സംഭവം. മലക്കപ്പാറയില്‍ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന ചീനിക്ക ബസിന് മുന്നിലേക്കാണ് കൊമ്പന്‍ ചാടിയിറങ്ങിയത്.
ബസിന് മുന്നിലേക്ക് ചാടിയ കൊമ്പനെ കണ്ട് ഡ്രൈവര്‍ ബിജു ബ്രേക്കിട്ട് ബസ് വളച്ചെടുത്തതിനാല്‍ ആനയെ ഇടിച്ചില്ല. ബസിന് മുന്നില്‍ കുറച്ചുനേരം നിന്ന കൊമ്പന്‍ പിന്നീട് മുന്നോട്ട് നടന്ന് റോഡിന് നടുവിലായി നലയുറപ്പിച്ചു. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയാണ് ആനയെ കാട് കയറ്റിയത്. ആനയ്ക്ക് മദപ്പാട് ലക്ഷണമുണ്ടെന്നും ഇത് വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.
ഇന്നലെയാണ് പെരിങ്ങല്‍ക്കുത്തില്‍ വത്സല (64) എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്‍റെ ഭാര്യയാണ് മരിച്ച വത്സല. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാൻ കയറിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരെ ആക്രമിച്ച കൊലായന 'മഞ്ഞക്കൊമ്പൻ' ആണെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ അറിയിച്ചിരുന്നു. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് 'മഞ്ഞക്കൊമ്പൻ' എന്ന പേര് വീണത്. ആന മദപ്പാടിലാണെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഭവത്തിൽ പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. 2022 ലെ വെള്ളപൊക്കത്തിൽ ചാലക്കുടി പുഴയിലെ മലവെള്ള പാച്ചിലിൽ പെട്ടുപോയതും സ്വയം രക്ഷപെട്ടതും ഈ ആനയായിരുന്നു.
കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിരുന്നു. വന്യമൃഗശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
