കൊല്ലം: പത്തനാപുരം മുള്ളുമലയിൽ ആദിവാസി ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പരുക്കേറ്റ ദമ്പതികളെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വനത്തിനോട് ചേർന്നുള്ള താൽക്കാലിക ഷെഡ്ഡിൽ താമസിക്കുന്ന രാജമ്മക്കും ഇവരുടെ ഭർത്താവ് സുനിലിനും നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വീട്ടിലെ ആവശ്യത്തിന് വെള്ളം എടുക്കുന്നതിന് വേണ്ടി തൊട്ടടുത്തുള്ള അരുവിയില്‍ എത്തിയപ്പോഴായിരുന്നു രാജമ്മക്ക് നേരെ കാട്ടനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് രാജമ്മ ദൂരേക്ക് തെറിച്ച് വീണു. ബഹളംകേട്ട് എത്തിയ ഭർത്താവിനെയും ആന ആക്രമിക്കുകയായിരുന്നു. 

വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറാണ് സുനിൽ. ഇയാളുടെ പരുക്ക് ​ഗുരുതരമല്ല  എന്നാൽ രാജമ്മയുടെ പരുക്ക് ഭേദമാകാൻ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.